കാഞ്ചീപുരം: കുടുംബനാഥരായ സ്ത്രീകള്ക്ക് പ്രതിമാസം 1000 രൂപ സഹായം നല്കുന്ന പദ്ധതി തമിഴ്നാട് സര്ക്കാര് ആരംഭിച്ചു. സിഎന് അണ്ണാദുരൈയുടെ ജന്മദിനമായ വെള്ളിയാഴ്ച കാഞ്ചീപുരത്ത് നടന്ന ചടങ്ങില് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കള്ക്കുള്ള ഡെബിറ്റ് കാര്ഡ് വിതരണവും അദ്ദേഹം നിര്വഹിച്ചു.
ഡിഎംകെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. മുന് മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിലാണ് പദ്ധതി. 1.06 കോടി ഗുണഭോക്താക്കള്ക്ക് ധനസഹായം ലഭിക്കും. കുടുംബത്തിന്റെ വാര്ഷിക വരുമാനം രണ്ടരലക്ഷം രൂപയില് കുറവുള്ള സ്ത്രീകള്ക്കാണ് ധനസഹായം. ഗുണഭോക്താവിന്റെ കുടുംബത്തിന് അഞ്ച് ഏക്കറില് കൂടുതല് തണ്ണീര്തടമോ പത്ത് ഏക്കര് കരഭൂമിയോ ഉണ്ടായിരിക്കരുത്.
പദ്ധതി വിപ്ലവകരമാണെന്നും കോടിക്കണക്കിന് സ്ത്രീകളുടെ ജീവിതത്തെ ഇത് നവോത്ഥാനത്തിലേക്ക് നയിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.