
ന്യൂഡല്ഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്ട്ടി ഉടനെ തന്നെ രണ്ടാം ഭാരത് ജോഡോ യാത്ര ആരംഭിക്കണമെന്ന ആവശ്യം കോണ്ഗ്രസിനുള്ളില് ശക്തമായി. മുതിര്ന്ന നേതാക്കള്ക്കും യാത്ര വേഗത്തില് തന്നെ ആരംഭിക്കണമെന്ന അഭിപ്രായമുണ്ട്. അതിനാല് സെപ്തംബര് 16, 17ന് ഹൈദരാബാദില് നടക്കുന്ന കോണ്ഗ്രസ് പ്രവര്ത്തക സമിതിയിലേക്കാണ് എല്ലാവരുടെയും കണ്ണ്.
കഴിഞ്ഞ വര്ഷം സെപ്തംബര് ഏഴിനാണ് രാഹുല് ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കന്യാകുമാരിയില് നിന്നാരംഭിച്ചത്. 136 ദിവസം കൊണ്ട് 4000 കിലോമീറ്റര് പിന്നിട്ട യാത്ര ജനുവരി 30ന് ശ്രീനഗറിലാണ് അവസാനിച്ചത്.
യാത്ര ആരംഭിച്ചേക്കുമെന്ന് കരുതുന്ന ചില തിയതികള് കോണ്ഗ്രസ് വൃത്തങ്ങളിലെ ചര്ച്ചകളില് നിറഞ്ഞുനില്ക്കുന്നുണ്ട്. ഗുജറാത്തിലെ പോര്ബന്തറില് നിന്നാരംഭിച്ച് മേഘാലയില് അവസാനിക്കുന്ന തരത്തിലാണ് യാത്രയെന്നാണ് ആഗസ്റ്റ് എട്ടാം തിയതി മഹാരാഷ്ട്ര കോണ്ഗ്രസ് അദ്ധ്യക്ഷന് നാനാ പടോള് പറഞ്ഞത്. ഗാന്ധി ജയന്തി ദിനത്തില് യാത്ര ആരംഭിക്കുമെന്ന് നിരവധി നേതാക്കള് ഉറപ്പിച്ചു പറയുന്നു. നിരവധി മുതിര്ന്ന നേതാക്കള് ഇതിനോടകം തന്നെ പോര്ബന്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതാണ് കാരണമായി അവര് പറയുന്നത്.
അതേ സമയം ചില നേതാക്കള് ഡിസംബര് ഒന്നിനായിരിക്കും യാത്ര ആരംഭിക്കുകയെന്നാണ് പറയുന്നത്. അസമില് നിന്ന് ആരംഭിച്ച് ഗുജറാത്തില് അവസാനിക്കുന്ന തരത്തില് യാത്രയെ കുറിച്ച് ചര്ച്ചകള് നടക്കുന്നുണ്ടെന്ന് ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞു. ആദ്യ യാത്രയില് വിട്ടുപോയ 12 സംസ്ഥാനങ്ങളില് എത്തേണ്ടതുണ്ട്. പദയാത്രക്ക് പകരം ഇടകലര്ന്നുള്ള ഒരു യാത്രയാവാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഈ സമയത്ത് ഒരു യാത്ര വേണ്ടെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഇപ്പോള് യാത്ര ആരംഭിച്ചാല് തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളെ ബാധിക്കാനിടയുണ്ട് എന്നാണ് അവരുടെ വാദം. അതേ അഭിപ്രായം തന്നെയാണ് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെക്കുള്ളതെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പ് അടുത്ത് നില്ക്കെ, അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാം ഭാരത് ജോഡോ യാത്ര അത്ര നല്ല ആശയമായിരിക്കുമോ എന്ന സംശയം ഖാര്ഗെക്കുണ്ട്.