ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് സുരക്ഷ ഒരുക്കിയ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്ന് ഇന്ന്. 50-ലധികം ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുന്നത്. ജി20 ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ മുതല് ഓരോ ജില്ലയില് നിന്നും ഉച്ചകോടിയില് മികച്ച പ്രകടനം കാഴ്ചവെച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ പങ്കെടുക്കും.
ഉച്ചകോടിയ്ക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് സമാഹരിക്കാൻ സഞ്ജയ് അറോറ ഓരോ ജില്ലയിലെയും പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ജി20 സമ്മേളനത്തില് സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്ക്ക് കമ്മിഷണര് പ്രത്യേക സര്ട്ടിഫിക്കറ്റുകളും മെഡലുകളും നല്കിയിരുന്നു.
സെപ്റ്റംബർ 9,10 തീയതികളിലാണ് ഉച്ചകോടി നടന്നത്. 30-ലധികം ലോക നേതാക്കൾ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ, അതിഥി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 14 അന്താരാഷ്ട്ര സംഘടനാ തലവൻമാർ എന്നിങ്ങനെ ഒരു വലിയ പങ്കാളിത്തം തന്നെ രണ്ട് ദിവസമായി നടന്ന ജി 20 ഉച്ചകോടിയിലുണ്ടായിരുന്നു. ഡോഗ് സ്ക്വാഡുകളും മൗണ്ട് പൊലീസും ഉൾപ്പടെ അമ്പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് സമ്മേളനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിച്ചത്. ഉച്ചകോടിയുടെ വേദിയായ സെൻട്രൽ ഡൽഹിയിലെ പ്രഗതി മൈതാനത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലും ബഹുതല സുരക്ഷയാണ് ഒരുക്കിയത്.