വനിത സംവരണ ബിൽ പുതിയ പാർലമെന്റിൽ പാസാക്കണമെന്ന് പ്രതിപക്ഷം; സർവ്വകക്ഷി യോഗം അവസാനിച്ചു

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ നേരത്തെ അറിയിച്ചിരുന്നു

dot image

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം അവസാനിച്ചു. ചൈനയുടെ കടന്നു കയറ്റം, അദാനി വിഷയം, മണിപ്പൂർ കലാപം എന്നിവ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വനിത സംവരണ ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചു. ബിജെപി സഖ്യകക്ഷികളും വനിത സംവരണ ബില്ലിനെ പിന്തുണച്ചു. നാളെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുക. വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 19ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറും.

പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിന്റെ അജണ്ടകള് സര്ക്കാര് വ്യക്തമാക്കാതിരുന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് സര്ക്കാര് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. സെപ്തംബര് 18 മുതല് 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ കാര്യപരിപാടികള് പുറത്ത് വന്നിട്ടുണ്ട്. വിവാദബില്ലുകളോ വിവാദ വിഷയങ്ങളോ കാര്യപരിപാടിയില് ഉള്പ്പെടുത്തിയിട്ടില്ല.

നാല് ബില്ലുകളാണ് നിലവിലെ കാര്യപരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികത്തിന്റെ ഭാഗമായി നിയമനിര്മ്മാണ സഭയുടെ 75വര്ഷത്തെ യാത്ര എന്ന വിഷയത്തില് ചര്ച്ചയുണ്ടാകും. പ്രസ് ആന്ഡ് രജിസ്ട്രേഷന് ഓഫ് പീരിയോഡിക്കല് ബില്, അഭിഭാഷക ബില് പോസ്റ്റ് ഓഫീസ് ബില്, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരുടെ നിയമനം സംബന്ധിച്ച നിയമനിര്മ്മാണം തുടങ്ങിയവയാണ് നിലവില് കാര്യപരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇൻഡ്യ സഖ്യത്തിന് വേണ്ടിയായിരുന്നു സോണിയ ഗാന്ധി കത്തയച്ചത്.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ നേരത്തെ അറിയിച്ചിരുന്നു. അഞ്ച് ദിവസത്തെ സെഷനിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. സാധാരണയായി ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നത് നിർണായകവും അടിയന്തരപ്രാധാന്യമുള്ളതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us