ഡൽഹി: ഇൻഡ്യ മുന്നണിയിൽ ഭിന്നതയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഏകോപന സമിതിയില് ഉണ്ടാകില്ല എന്ന സിപിഐഎം നിലപാടിനെ മാനിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഏകാധിപത്യ സ്വഭാവമില്ല. പാർട്ടിയുടെ ആദർശം മാറ്റിവെച്ച് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞിട്ടുമില്ല. ബിജെപിയെ പരാജയപ്പെടുത്തി മോദി സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
കെസി വേണുഗോപാൽ പറഞ്ഞത്
മുന്നണിയുടെ അന്തസത്തയോടും സ്പിരിറ്റിനോടും യോജിപ്പാണ് എന്നാണ് സിപിഐഎം പറയുന്നത്. പക്ഷെ ഏകോപന സമിതിയുടെ ഭാഗമാകാൻ അവർക്ക് ബുദ്ധിമുട്ടുണ്ട്. അത് പാർട്ടിയുടെ തീരുമാനമാണ്. ആ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മുന്നണിക്കുണ്ട്. അതൊന്നും ഇൻഡ്യ മുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ല. ഈ മുന്നണി ഉണ്ടാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾക്കറിയാമായിരുന്നു. ദേശീയ തലത്തിൽ ഇത്രയും അപകടകരമായ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അജണ്ട എന്താണെന്ന് വ്യക്തമാക്കാതെയാണ് അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ വിഭജിക്കുകയാണ് ബിജെപി സർക്കാർ. മണിപ്പൂരും ഹരിയാനയും അതിനുദാഹരണങ്ങളാണ്. ഈ സാഹചര്യത്തിൽ മോദി ഗവൺമെന്റിനെ താഴെയിറക്കാൻ വേണ്ടി യോജിക്കാവുന്ന എല്ലാവരുമായും യോജിപ്പിച്ചുകൊണ്ടുള്ളതാണ് ഇൻഡ്യ മുന്നണി.
സിപിഐഎമ്മുമായി കേരളത്തിൽ പല കാര്യങ്ങളിലും കോൺഗ്രസിന് എതിർപ്പുണ്ട്. പല കാര്യങ്ങളിലും ഞങ്ങൾ പോരാടുന്നവരാണ്. ആം ആദ്മിയുമായും ഡൽഹിയിലും സമാന സാഹചര്യങ്ങളാണ്. അങ്ങനെയുള്ള വൈരുധ്യങ്ങൾ ഇതിലുണ്ട്. ഇതെല്ലാം പരിഹരിച്ചിട്ടല്ല ഇൻഡ്യ മുന്നണി രൂപീകരിച്ചത്. അവരുടെ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു ഏകോപന സമിതിയിൽ വേണ്ട എന്ന്. അതിന്റെ കാരണം അവരാണ് വിശദീകരിക്കേണ്ടത്. കോൺഗ്രസിന് അതുകൊണ്ട് ഒരു പ്രശ്നവുമില്ല. പാർട്ടിയെടുത്തിരിക്കുന്ന തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു.