പാര്ലമെന്റിന്റെ പുതിയ കെട്ടിടത്തില് ആദ്യമായി അവതരിപ്പിക്കുന്നത് രാജ്യം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വനിതാ സംവരണ ബില്. സംസ്ഥാന നിയമസഭകളിലേക്കും പാര്ലമെന്റിലേക്കും സ്ത്രീകള്ക്ക് 33% സംവരണം ഉറപ്പ് നല്കുന്ന വനിതാ സംവരണ ബില് ഇത്തവണ എതിര്പ്പുകളില്ലാതെ പാര്ലമെന്റിന്റെ ഇരുസഭകളിലും പാസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്ലമെന്റില് പലപ്പോഴായി അവതരിപ്പിച്ച് പരാജയപ്പെട്ട വനിതാ സംവരണ ബില് പാസാക്കിയെടുത്ത ക്രെഡിറ്റ് നരേന്ദ്ര മോദി സര്ക്കാരിന് സ്വന്തമാകുകയാണ്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്ട്ടികളായ കോണ്ഗ്രസ്സും ജെഡിയുവും ബില് കൊണ്ട് വരണമെന്ന് പാര്ലമെന്റില് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ബില് അവതരിപ്പിക്കാന് അംഗീകാരം ലഭിച്ചിരുന്നു. പുതിയ പാര്ലമെന്റ് മന്ദിരത്തില് ആദ്യം അവതരിപ്പിക്കുന്ന ബില്ല് എന്ന ചരിത്രനേട്ടത്തിനൊപ്പം രാജ്യത്തിന്റെ 75 വര്ഷത്തെ പാര്ലമെന്ററി ചരിത്രത്തില് ആദ്യമായി ലിഗംനീതിയിലേക്ക് ചുവടുവയ്ക്കുന്ന ഒരു ബില് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രാധാന്യം കൂടി വനിതാ സംവരണ ബില്ലിനുണ്ട്.
ഐക്യമുന്നണി സര്ക്കാരിന്റെ കാലത്ത് 1996ല് പാര്ലമെന്റില് ആദ്യമായി അവതരിപ്പിക്കപ്പെട്ട വനിതാ സംവരണബില് 27 വര്ഷത്തിന് ശേഷം നിയമമാകുമെന്ന പ്രതീക്ഷ നല്കിയിരിക്കുകയാണ്. 1996ല് ആദ്യമായി അവതരിക്കപ്പെട്ടപ്പോള് പാര്ലമെന്റില് ഉയര്ന്ന വലിയ എതിര്പ്പ് തുടര്ന്ന നാലു തവണ അവതരിപ്പിച്ചപ്പോഴും മാറ്റമില്ലാതെ തുടര്ന്നു. 1999, 2002,2003 വര്ഷങ്ങളില് വാജ്പേയ് സര്ക്കാരിന്റെ കീഴില് ബില് അവതരിപ്പിക്കപ്പെട്ടെങ്കിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
2008 ല് മന്മോഹന് സിംഗ് സര്ക്കാറിന്റെ കാലത്താണ് ബില്ലിന് വീണ്ടും ജീവന് വയ്ക്കുന്നത്. അന്ന് രാജ്യസഭയില് ബില് അവതരിപ്പിക്കുകയും സ്റ്റാഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടുകയും ചെയ്തു. 2009 ല് സ്റ്റാഡിങ് കമ്മിറ്റി റിപ്പോര്ട്ട് സമര്പ്പിച്ചു. 2010 ല് കാബിനറ്റ് ബില് അംഗീകരിച്ചു. 2010 മാര്ച്ച് 9 ന് ബില് രാജ്യസഭ വോട്ടിനിട്ട് പാസാക്കി. പക്ഷേ ലോക്സഭയില് ബില് പരാജയപ്പെട്ടു. ശേഷം ഇപ്പോഴാണ് ബില് വീണ്ടും പാര്ലമെന്റിന് മുന്നിലേക്ക് വരുന്നത്. ഇത്തവണ ബില് പാസാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
1989 ല് രാജീവ് ഗാന്ധി സര്ക്കാരാണ് വനിതാ സംവരണം എന്ന ആശയം ആദ്യമായി ഒരു ബില്ലിന്റെ രൂപത്തില് പാര്ലമെന്റില് അവതരിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് 33% സീറ്റുകള് സ്ത്രീകള്ക്കായി സംവരണം ചെയ്യുന്ന രീതിയിലായിരുന്നു ബില്. ലോക്സഭാ ആ ബില് പാസാക്കിയെങ്കിലും രാജ്യസഭയില് പരാജയപ്പെട്ടു. എന്നാല് 1992-93 വര്ഷങ്ങളില് 72,73 ഭരണഘടന ഭേദഗതികളിലൂടെ നരസിംഹ റാവു സര്ക്കാര് ഈ ബില് നിയമമാക്കി. ഇന്ന് 15 ലക്ഷത്തോളം സ്ത്രീകള് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില് അധികാരത്തിലിരിക്കുന്നതിന് അടിത്തറ പാകിയത് ഈ നിയമം ആയിരുന്നു.
ഇതേ മാതൃക പിന്തുടര്ന്നാണ് 1996ല് ദേവഗൌഡ സര്ക്കാര് 81-ാം ഭരണഘടന ഭേദഗതി ബില് അവതരിപ്പിച്ചത്. തദ്ദേശ തലത്തിലെ വനിതാ പ്രാതിനിധ്യം നിയമനിര്മ്മാണ സഭകളില് ആവര്ത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ നിയമകാര്യ മന്ത്രി രമാകാന്ത് ഡി ഖലാപ് ആയിരുന്നു ബില് അവതരിപ്പിച്ചത്. എന്നാല് 13 അംഗ സഖ്യ മുന്നണിയിലെ ജനതാദള് ഉള്പ്പടെയുള്ള ചില പാര്ട്ടികള്ക്ക് ബില്ലിനോട് യോജിപ്പുണ്ടായിരുന്നില്ല. ഒടുവില് സിപിഐയിലെ ഗീത മുഖര്ജി അധ്യക്ഷയായ ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി ബില് അയച്ചു. മമത ബാനര്ജി,മീര കുമാര്, നിതീഷ് കുമാര്, സുമിത്ര മഹാജന്, ശരദ് പവാര് എന്നിവരുള്പ്പെടുന്ന 31 അംഗ കമ്മിറ്റിയായിരുന്നു അത്. ഏഴോളം പ്രധാന തിരുത്തലുകള് കമ്മിറ്റി ശിപാര്ശ ചെയ്തു. പക്ഷേ സഖ്യ കക്ഷിയിലെ തന്നെ വിയോജിപ്പ് മൂലം ബില് പാര്ലമെന്റില് നിയമമാക്കാന് കഴിഞ്ഞില്ല. ബില് നിയമമായാല് സമൂഹത്തിലെ ഉന്നത വിഭാഗം സ്ത്രീകള്ക്ക് മാത്രമാകും അതുകൊണ്ട് നേട്ടമുണ്ടാവുക എന്ന ആക്ഷേപം അന്ന് ഉയര്ന്നിരുന്നു.
ശേഷം വന്ന വാജ്പേയ് സര്ക്കാര് 1999, 2002,2003 വര്ഷങ്ങളില് ബില് അവതരിപ്പിച്ചെങ്കിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആര്ജെഡി, സമാജ്വാദി പാര്ട്ടി, ബിഎസ്പി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളാണ് അന്ന് പ്രധാനമായും ബില്ലിനെ എതിര്ത്തത്. എന്ഡിയെ മുന്നണിയില് മന്ത്രിയായിരുന്ന നിതീഷ് കുമാറും അതിശക്തമായി ബില്ലിനെ എതിര്ത്തിരുന്നു.അന്നത്തെ ആര്ജെഡി എം. പി സുരേന്ദ്ര പ്രസാദ് യാദവ് സ്പീക്കറുടെ കയ്യില് നിന്നും ബില് തട്ടിയെടുത്ത് കീറികളയുന്നതിന് പോലും പാര്ലമെന്റ് സാക്ഷ്യം വഹിച്ചു.
പിന്നീട് പാര്ലമെന്റിന് മുന്പിലേക്ക് വനിതാ സംവരണ ബില് വരുന്നത് 2008 ല് മന്മോഹന് സിംഗ് സര്ക്കാരിന്റെ നേതൃത്വത്തിലാണ്. അന്നും നാടകീയ രംഗങ്ങള്ക്ക് നിയമനിര്മ്മാണ സഭ സാക്ഷ്യം വഹിച്ചു.സമാജ്വാദി പാര്ട്ടി അംഗങ്ങള് കയ്യാങ്കളിക്ക് തുനിഞ്ഞതോടെ കോണ്ഗ്രസ്സ് എം. പിമാര് തീര്ത്ത രക്ഷാവലയത്തിനുള്ളില് നിന്നുകൊണ്ടാണ് നിയമമന്ത്രി എച്ച്. ആര് ഭരദ്വാജിന് ബില് അവതരിപ്പിക്കാന് കഴിഞ്ഞത്. ഒടുവില് 2010 ല് ബിജെപിയുടെയും ഇടതുപക്ഷ പാര്ട്ടികളുടെയും പിന്തുണയോടെ കോണ്ഗ്രസ്സിന് ബില് രാജ്യസഭയില് പാസാക്കിയെടുക്കാന് കഴിഞ്ഞു.ആര്ജെഡി,എസ്. പി, ബി. എസ്. പി തുടങ്ങിയ പാര്ട്ടികള് ശക്തമായ വിയോജിപ്പ് പ്രകടിച്ചപ്പോള് തൃണമൂല് കോണ്ഗ്രസ്സ് വോട്ടിങ്ങില് നിന്നും മാറി നിന്നു. രാജ്യസഭ എന്ന കടമ്പ കടന്നു കിട്ടിയെങ്കിലും ലോക്സഭാ അപ്പോഴും ബാലികേറാമലയായി അവശേഷിച്ചു.
ഇത്തരം സംഭവ വികാസങ്ങള്ക്ക് ശേഷം ഇപ്പോഴാണ് വനിതാ ബില് വീണ്ടും പാര്ലമെന്റിന് മുന്നിലേക്ക് എത്തുന്നത്. പ്രതിപക്ഷ പാര്ട്ടികള് ഉള്പ്പടെ പിന്തുണ പ്രഖ്യാപിച്ച നിലയില് ഇത്തവണ ബില് നിയമം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.