ചെന്നൈ: ജനവാസ മേഖലയിൽ നിന്ന് പിന്മാറാതെ തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ അരിക്കൊമ്പൻ വാഴകൃഷി നശിപ്പിച്ചിരുന്നു. അപ്പർ കോതയാർ മേഖലയിൽ നിന്ന് 15 കിലോമീറ്റർ സഞ്ചാരിച്ചാണ് അരിക്കൊമ്പൻ മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ എത്തിയത്. അൻപതോളം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്.
അരിക്കൊമ്പൻ ജനവാസമേഖലയിലെത്തിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. നേരത്തെ കോതയാർ മേഖലയിൽ അരിക്കൊമ്പനെ കൊണ്ടുവിടുന്നതിൽ ഊത്ത് എസ്റ്റേലിലെ തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.
അതേസമയം റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ല എന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. ചില സമയങ്ങളിൽ സിഗ്നൽ വൈകിയാണ് ലഭിക്കുന്നത്. ഇതിനാൽ തന്നെ ലഭിക്കുന്ന സിഗ്നൽ അനുസരിച്ച് പ്രദേശത്തെത്തുമ്പോൾ അവിടെ അരിക്കൊമ്പനില്ല എന്നതാണ് നിലവിലെ സ്ഥിതി.