ചെന്നൈ: അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങിയതിൽ കേരളത്തിന് ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. നെയ്യാറിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ഒരു ദിവസം 10 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. അപ്പർ കോതയാറിലേക്ക് തന്നെ തിരികെ പോകാനാണ് സാധ്യത. എന്നാൽ അരിക്കൊമ്പൻ മദപ്പാടിലാണെന്നും അതിന്റെ പ്രശ്നങ്ങളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ അവസാനമായി കണ്ടത് തേയില തോട്ടത്തിലാണ്. ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. തേയില ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന് നിർദേശം നൽകി. പ്രദേശത്തെ സ്കൂൾ രണ്ട് ദിവസമായി പ്രവർത്തിക്കുന്നില്ല. 40 വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.
ഇതിനിടെ അരിക്കൊമ്പൻ അരിതേടിയല്ല എത്തിയതെന്ന വിശദീകരണം തമിഴ്നാട് വനംവകുപ്പിൽ നിന്ന് ലഭിച്ചു. പ്രദേശത്തെ റേഷൻ കടയുടെ മുന്നിൽ വന്നെങ്കിലും അരിക്കൊമ്പൻ റേഷൻ കടയിൽ കയറിയില്ലെന്നാണ് ഇവർ വ്യക്താക്കുന്നത്. റേഷൻകട ആക്രമിച്ചില്ല. അരിക്കൊമ്പൻ കോതയാറിലെ ചുറ്റുപാടുമായി ഇണങ്ങി കഴിഞ്ഞു. ഓരോ അര മണിക്കൂറിലും റേഡിയോ കോളർ സന്ദേശം ലഭിക്കുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ അറിയിച്ചു.
ജനവാസ മേഖലയിൽ നിന്ന് പിന്മാറാതെ തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അരിക്കൊമ്പൻ. തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ അരിക്കൊമ്പൻ വാഴകൃഷി നശിപ്പിച്ചിരുന്നു. അപ്പർ കോതയാർ മേഖലയിൽ നിന്ന് 15 കിലോമീറ്റർ സഞ്ചാരിച്ചാണ് അരിക്കൊമ്പൻ മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ എത്തിയത്. അൻപതോളം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്.