ന്യൂഡല്ഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ഡിഎംകെ എം പി കനിമൊഴി. ബില്ലിനെ കുറിച്ച് കേള്ക്കുന്നതില് സന്തോഷമുണ്ട്. എന്നാല് നടപ്പിലാക്കാന് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ലെന്നും കനിമൊഴി പറഞ്ഞു.
'സംവരണ ബില് കൊണ്ടുവരുന്ന കാര്യം ഞാന് തന്നെ പലതവണ പാര്ലമെന്റില് ഉന്നയിച്ചിട്ടുണ്ട്. എന്റെ പല നക്ഷത്രചിഹ്നങ്ങള്ക്കും നക്ഷത്രമിടാത്ത ചോദ്യങ്ങള്ക്കും സര്ക്കാരിന്റെ മറുപടി സമാനമായിരുന്നു. രഹസ്യമായാണ് ബില്ല് കൊണ്ടുവന്നത്. ഈ സമ്മേളനം വിളിച്ചത് എന്തിനാണെന്ന് പോലും ഞങ്ങള്ക്കറിയില്ല. വനിതാ സംവരണബില്ലിനെ കുറിച്ച് കേള്ക്കുന്നതില് സന്തോഷമുണ്ട്. എല്ലാവരും ഒരുമിച്ചുനിന്ന് ബില്ല് പാസാകുമെന്ന് ഞങ്ങള് കരുതി. എന്നാല് ബിജെപി ഇതിനേയും രാഷ്ട്രീയ അവസരമായി ഉപയോഗിച്ചു.' കനിമൊഴി പറഞ്ഞു.
താന് ബില്ലിനെകുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള് തന്നെ ബിജെപി എംപിമാര് തടസ്സപ്പെടുത്താന് ശ്രമിച്ചെന്നും കനിമൊഴി ആരോപിച്ചു. വനിതാ സംവരണ ബില്ലിലെ ഡീലിമിറ്റേഷന് വ്യവസ്ഥയേയും കനിമൊഴി ചോദ്യം ചെയ്തു.
ബില്ലിലെ ചര്ച്ചയില് പ്രതിപക്ഷത്ത് നിന്നും ആദ്യമായി സംസാരിച്ചത് കോണ്ഗ്രസ് എംപി സോണിയാഗാന്ധിയാണ്. സോണിയ ബില്ലിന് പൂര്ണപിന്തുണ നല്കി. 'കോണ്ഗ്രസ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ഈ ബില് പാസാക്കിയതില് ഞങ്ങള് സന്തുഷ്ടരാണ്, എന്നാല് ആശങ്കയുണ്ട്. കഴിഞ്ഞ 13 വര്ഷമായി ഇന്ത്യന് സ്ത്രീകള് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള് അവരോട് കുറച്ച് വര്ഷങ്ങള് കൂടി കാത്തിരിക്കാന് ആവശ്യപ്പെടുകയാണ്. എത്ര വര്ഷം. കാത്തിരിക്കേണ്ടി വരും. ബില് ഉടനടി നടപ്പിലാക്കുകയും ജാതി സെന്സസ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില് നിന്നുള്ള സ്ത്രീകള്ക്ക് സംവരണം ഏര്പ്പെടുത്തുകയും വേണം.' എന്നായിരുന്നു സോണിയയുടെ വാക്കുകള്.