ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഒബിസി റിസര്വേഷന് ഉള്പ്പെടുത്തണമെന്ന് ആവശ്യവുമായി രാഹുല് ഗാന്ധി. വനിതാ സംവരണബില്ലില് ലോക്സഭയില് സംസാരിക്കുകയായിരുന്നു രാഹുല് ഗാന്ധി. വനിതാ സംവരണ ബില്ലില് ഒബിസി സംവരണം ഏര്പ്പെടുത്തുന്നതോടെ മാത്രമേ രാജ്യത്തെ വലിയ ശതമാനം വരുന്ന സ്ത്രീകള്ക്ക് ഈ ബില്ലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു. മണ്ഡല പുനര്നിര്ണ്ണയം പൂര്ത്തിയാകുന്നത് വരെ ബില് നടപ്പിലാക്കാന് കാത്തിരിക്കേണ്ടതില്ലെന്നും രാഹുല് ഗാന്ധി ആവശ്യപ്പെട്ടു.
വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ടുള്ള ചര്ച്ചയില് രാഹുല് ഗാന്ധി ഒബിസി പ്രാതിനിധ്യം ഉയര്ത്തിയതോടെ ട്രഷറി ബെഞ്ച് ബഹളം വെച്ച് രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. രാജ്യത്തെ വിവിധ സര്ക്കാര് സ്ഥാപനങ്ങളില് ഒബിസി വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യമില്ലെന്നും രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു. കേന്ദ്ര സര്ക്കാരിന്റെ സെക്രട്ടറി തലത്തില് ഉള്പ്പെടെ ഒബിസി വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് കണക്കുകള് നിരത്തിയായിരുന്നു രാഹുല് ഗാന്ധിയുടെ പ്രസംഗം. കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയില് 90 പേരുള്ളപ്പോള് അതില് മൂന്നുപേര് മാത്രമാണ് ഒബിസി വിഭാഗത്തില് നിന്നെന്ന് രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു. ഒബിസി വിഷയം രാഹുല് ഗാന്ധി സഭയില് ഉന്നയിച്ചതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി രാഹുല് ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി.
പാര്ലമെന്റിന്റെ സമ്മേളനം പഴയ മന്ദിരത്തില് നിന്നും പുതിയ മന്ദിരത്തിലേക്ക് മാറ്റിയപ്പോള് വനിതയായ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിനെ രാഹുല് ഗാന്ധി വിമര്ശിച്ചു. അദാനി വിഷയത്തില് നിന്നുള്ള ശ്രദ്ധതിരിക്കാനാണ് ഇപ്പോൾ വനിതാ സംവരണ ബിൽ ചർച്ചയാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.