ലക്നൗ: യുപിയില് ലോക്സഭ തിരഞ്ഞെടുപ്പില് ബിഎസ്പിയുമായി സഖ്യത്തിലെത്താന് കോണ്ഗ്രസ് ശ്രമിക്കുന്നുവെന്ന് റിപ്പോര്ട്ടുകള്. ലോക്സഭ തിരഞ്ഞെടുപ്പില് ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി പ്രഖ്യാപിച്ചതിന് ശേഷവും ഇരുപാര്ട്ടികളും ചര്ച്ച തുടരുകയാണ്.
ബിഎസ്പിയും കോണ്ഗ്രസും തമ്മില് ഏത് തരത്തിലുള്ള ബന്ധം രൂപപ്പെട്ടാലും അത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിയെഴുതുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര് പറയുന്നത്. അടുത്തിടെ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മായാവതിയെ സന്ദര്ശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.
യുപിയില് 'ഇന്ഡ്യ' സഖ്യത്തിലെ സമാജ്വാദി പാര്ട്ടിയുമായുള്ള കോണ്ഗ്രസ് ബന്ധം അത്ര മികച്ചതല്ല. അടുത്തിടെ നടന്ന ഘോസി ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ നിര്ത്താതെ എസ്പി സ്ഥാനാര്ത്ഥിയെ പിന്തുണക്കുകയും പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. അതേ സമയം ഉത്തരാഖണ്ഡിലെ ബാഗേശ്വര് മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് എസ്പി കോണ്ഗ്രസിനെതിരെ സ്ഥാനാര്ത്ഥിയെ മത്സരിപ്പിച്ചിരുന്നു. ഘോസിയില് എസ്പി വിജയിക്കുകയും ബാഗേശ്വറില് കോണ്ഗ്രസ് ചെറിയ വോട്ടുകള്ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. എസ്പി മത്സരിക്കാതിരുന്നുവെങ്കില് തങ്ങള് വിജയിച്ചേനെ എന്ന പരിഭവം കോണ്ഗ്രസ് നേതാക്കള്ക്കുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പില് സീറ്റുകള് വിഭജിക്കാന് കോണ്ഗ്രസും എസ്പിയും തമ്മില് പല തവണ ചര്ച്ചകള് നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ്പി വല്യേട്ടന് ചമയുകയാണെന്നാണ് കോണ്ഗ്രസ് നേതാക്കള് ആരോപിക്കുന്നത്.
കോണ്ഗ്രസിന് എസ്പിയുമായി സഖ്യത്തിലേര്പ്പെടുമ്പോഴുള്ള വിജയസാധ്യതയേക്കാള് വലിയ സാധ്യതയാണ് ബിഎസ്പിയുമായി സഖ്യത്തിലെത്തുമ്പോഴെന്ന് രാഷ്ട്രീയ നിരീക്ഷകര് പറയുന്നു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പില് എസ്പി-കോണ്ഗ്രസ് സഖ്യം പരാജയപ്പെട്ടിരുന്നു. എസ്പി വോട്ടര്മാര് കോണ്ഗ്രസിന് വോട്ട് ചെയ്യാത്തതാണ് കാരണം എന്ന് നിരീക്ഷകര് പറയുന്നു. അതേ സമയം ബിഎസ്പിയുടെ വോട്ട് ബാങ്ക് പാര്ട്ടി തീരുമാനത്തിനോടൊപ്പം നില്ക്കുന്നവരായതിനാല് കോണ്ഗ്രസിന് വോട്ടുകള് ലഭിക്കാനുള്ള സാധ്യത വളരെ വലുതാണെന്നും നിരീക്ഷകര് പറയുന്നു.
തങ്ങള്ക്ക് ഈ സഖ്യത്തിന്റെ ആവശ്യമില്ലെന്ന് ബിഎസ്പി പറയുമെങ്കിലും ആവശ്യമുണ്ടെന്നാണ് നിരീക്ഷകരുടെ പ്രതികരണം. തിരഞ്ഞെടുപ്പ് രംഗത്തെ നിലനില്ക്കല് അവര്ക്കും അത്യാവശമായതിനാലാണ് ഇതെന്നും അഭിപ്രായമുണ്ട്.