ന്യൂഡൽഹി: ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി ലോക്സഭയില് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി എംപിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്ത് വന്നിട്ടുണ്ട്. ഓഫീഷ്യല് എക്സ് അക്കൗണ്ടിലൂടെയാണ് സിപിഐഎം രമേഷ് ബിധുരിക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
'വിദ്വേഷ പ്രസംഗത്തിന് പ്രത്യേക അവകാശമില്ല, രമേഷ് ബിധുരിയെ അറസ്റ്റ് ചെയ്യൂ' എന്നാണ് സിപിഐഎം എക്സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി രമേഷ് ബിധുരി ഡാനിഷ് അലിയ്ക്കെതിരെ ഏറ്റവും വൃത്തികെട്ട അധിക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്ന നിലയിലുള്ള വിദ്വേഷ പ്രസംഗമാണ് പാര്ലമെന്റില് നടത്തിയിരിക്കുന്നത്. ഒരു എംപിക്കും ഇത്തരം പ്രസംഗത്തിന്റെ പേരില് എന്തെങ്കിലും പരിരക്ഷ അവകാശപ്പെടാന് കഴിയില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം'; സിപിഐഎം 'എക്സില്' ആവശ്യപ്പെട്ടു.
No Privilege for Hate Speech
— CPI (M) (@cpimspeak) September 22, 2023
Arrest Ramesh Bidhuri
Filthy abusive language used by BJP MP Ramesh Bidhuri against Danish Ali ( BSP) on the floor constitutes the worst kind of hate speech indicted by the SC. No MP can claim privilege for such speech. He should be arrested. pic.twitter.com/7VrbYJw05E
രമേഷ് ബിധുരിയുടെ നടപടി സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡാനിഷ് അലിയെക്കുറിച്ച് രമേഷ് ബിധുരി പറഞ്ഞത് അങ്ങേയറ്റം അപലപനീയമെന്ന് കോൺഗ്രസ് എംപി ജയറാം രമേഷ് പറഞ്ഞു.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ക്ഷമാപണം കൊണ്ട് വിഷയം അവസാനിക്കില്ല. പുറത്ത് വന്നത് ബിജെപിയുടെ ഉദ്ദേശ്യങ്ങളാണെന്നും ജയ്റാം രമേശ് പറഞ്ഞു.
ഇതിന് പിന്നാലെ രാഹുല് ഗാന്ധി ഡാനിഷ് അലിയെ വസതിയിലെത്തി സന്ദര്ശിച്ചിരുന്നു. കെ സി വേണുഗോപാലിനൊപ്പമാണ് രാഹുല് ഗാന്ധി ഡാനിഷ് അലിയുടെ വസതിയിലെത്തിയത്. ഡാനിഷ് അലിയെ കണ്ടതിന് ശേഷം വെറുപ്പിന്റെ കമ്പോളത്തില് സ്നേഹത്തിന്റെ കടതുറക്കും എന്ന് മാത്രമായിരുന്നു രാഹുല് ഗാന്ധിയുടെ പ്രതികരണം.
ലോക്സഭയില് ചന്ദ്രയാന് ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്ച്ചക്കിടെയായിരുന്നു രമേശ് ബിധുരിയുടെ പരാമര്ശം. ഡാനിഷ് അലിയെ ഭീകരവാദിയെന്ന് വിളിച്ച ബിധുരിയെ ലോക്സഭാ സ്പീക്കര് ശക്തമായി താക്കീത് ചെയ്തിരുന്നു. അതിന് പിന്നാലെ രമേശ് ബിധുരിയെ സസ്പെന്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി എംപി ലോക്സഭാ സ്പീക്കര്ക്ക് കത്തയച്ചിരുന്നു.
പരാമര്ശം വിവാദമായതോടെ വിഷയത്തില് രമേശ് ബിധുരിയ്ക്ക് ബിജെപി നേതൃത്വം കാരണം കാണിക്കല് നോട്ടീസ് നല്കി. ബിജെപി ദേശീയ നേതൃത്വമാണ് കാരണം കാണിക്കല് നോട്ടീസ് നല്കിയത്. അഖിലേന്ത്യാ അധ്യക്ഷന് ജെപി നദ്ദയുടെ നിര്ദ്ദേശപ്രകാരമാണ് നടപടി. നേരത്തെ പ്രതിപക്ഷം ഒന്നടങ്കം ബിധുരിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു.