ഡൽഹി: വനിതാ സംവരണ ബില്ല് വേഗത്തിൽ നടപ്പാക്കണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വനിതാ സംവരണം എന്ന് യാഥാർത്ഥ്യമാകുമെന്ന് സംശയമുണ്ട്. വനിതാ സംവരണ ബില്ല് കേന്ദ്രസർക്കാരിന്റെ തന്ത്രമാണ്. ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു.
ഭരണസംവിധാനത്തിൽ ഒബിസി വിഭാഗത്തിന്റെ സാന്നിധ്യം കുറവുണ്ട്. എത്ര പിന്നാക്കക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത പ്രസംഗത്തിൽ പറയണം. ജാതി അടിസ്ഥാനത്തിൽ സെൻസസ് വേണം. ഒബിസി എംപിമാരുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. നിയമനിർമ്മാണത്തിൽ അവർക്ക് എത്ര പങ്കുണ്ടെന്ന് പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സർക്കാരിലെ മുതിർന്ന സെക്രട്ടറിമാർ 90 പേരുണ്ട്. പക്ഷേ ഒബിസി വിഭാഗത്തിൽ നിന്ന് 3 പേർ മാത്രം. യുപിഎ കാലത്തെ ബില്ലിൽ ഒബിസി സംവരണം നടപ്പാക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യസഭയിൽ വനിതാ സംവരണ ബില്ല് പാസായത്. നേരത്തെ ലോക്സഭയും ബില്ല് പാസാക്കിയിരുന്നു. ലോക്സഭയിലും നിയമസഭയിലും വനിതകള്ക്ക് 33 ശതമാനം സംവരണം നല്കുന്ന ബിൽ മണിക്കൂറുകൾ നീണ്ട ചര്ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷമാണ് പാസാക്കിയത്. പ്രതിപക്ഷവും ബില്ലിനോട് അനുകൂല നിലപാട് സ്വീകരിച്ചതോടെ ബില് അനായാസം രാജ്യസഭ കടക്കുകയായിരുന്നു. ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെന്സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടന്നാലെ ബില് നിയമമാകൂ. അതിനാല് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില് വനിതാ സംവരണം ഉണ്ടാകില്ല.