ബെംഗളൂരൂ: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ശ്രമം തുടർന്ന് ഐഎസ്ആർഒ. സ്ലീപിങ് മോഡിലുള്ള ഉപകരണങ്ങളിൽ നിന്ന് സിഗ്നലുകൾ ലഭിച്ചിട്ടില്ല. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം ഇന്നും തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ വീണ്ടും സൂര്യപ്രകാശം ലഭിച്ചു തുടങ്ങി. താപനില 10 ഡിഗ്രിക്ക് മുകളിലായാൽ റീ ആക്ടിവേഷൻ നടത്താനാകും എന്നാണ് പ്രതീക്ഷ. സോളാർ പാനലുകൾ പ്രവർത്തിച്ച് തുടങ്ങിയാൽ ആശയ വിനിമയത്തിനുള്ള വെയ്ക്-അപ് സർക്യൂട്ട് പ്രവർത്തന സജ്ജമാകും.
ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡ് മൂന്ന് ദക്ഷിണ ധ്രുവത്തിൽ നിർണായക പര്യവേഷണം നടത്തിയിരുന്നു. ഈ മാസം രണ്ടാം തീയതി റോവറും നാലിന് ലാൻഡറും സ്ലീപ്പിങ് മോഡിലായത്. ലാൻഡിങ് പോയിന്റില് നിന്ന് 40 സെന്റിമീറ്റര് അകലെ നിന്നാണ് ലാന്ഡര് നിദ്രയിലേക്ക് പോയത്. ഒരു ചാന്ദ്രദിനമായിരുന്നു ലാൻഡറിനും റോവറിനും പ്രവർത്തിക്കാനായി ലഭിച്ചത്. ഭൂമിയിലെ 14 ദിവസം വരുന്ന ഒരു ചാന്ദ്രദിനത്തിന് ശേഷം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം മാഞ്ഞ് ഇരുട്ട് പരന്നിരുന്നു. ഇതോടെയാണ് സോളാർപാനലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാൻഡറും റോവറും സ്ലീപ്പിങ്ങ് മോഡിലായത്.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുൾപ്പെടെ നിരവധി കണ്ടെത്തലുകൾ ദൗത്യത്തിലൂടെ ഐഎസ്ആർഒ നടത്തി.