പാട്ന: ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറായിരിക്കുമെന്ന് ബിഹാർ ഡെപ്യൂട്ടി സ്പീക്കറും ജനതാ ദൾ (യു) നേതാവുമായ മഹേശ്വർ ഹസരി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തേക്കാൾ യോഗ്യനായ നേതാവ് ഇൻഡ്യ മുന്നണിയിലില്ല. അദ്ദേഹത്തിന് അതിനുളള അർഹതയുണ്ട്. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം നേതാക്കന്മാർ നടത്തുമെന്നും മഹേശ്വർ ഹസരി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുളള എല്ലാ ഗുണവുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇൻഡ്യ മുന്നണി ആരുടേയെങ്കിലും പേര് പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അത് നിതീഷ് കുമാറിന്റേത് ആയിരിക്കും,' മഹേശ്വർ ഹസരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
റാം മനോഹർ ലോഹ്യക്ക് ശേഷം ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് ഉണ്ടെങ്കിൽ അത് നിതീഷ് കുമാറായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ പറഞ്ഞിരുന്നതായും മഹേശ്വർ ഹസരി പറഞ്ഞു. അഞ്ച് വർഷം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു.18 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സേവനമനുഷ്ഠിക്കുകയാണെന്നും ജെഡിയു നേതാവ് കൂട്ടിച്ചേർത്തു.
എന്നാൽ തനിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ താത്പര്യമില്ലെന്ന് നിരവധി തവണ നിതീഷ് കുമാർ പറഞ്ഞിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ മുമ്പിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'പ്രധാനമന്ത്രി സ്ഥാനത്തോട് തനിക്ക് മോഹമില്ല. ഇത് മുമ്പും ആവർത്തിച്ച് പറഞ്ഞതാണ്. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് മുന്നോട്ടുപോകണം. അത് രാജ്യത്തിന് ഗുണം ചെയ്യും, ' എന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു. മൂന്ന് മീറ്റിംഗുകൾ കഴിഞ്ഞെങ്കിലും ഇതുവരെ ഇൻഡ്യ മുന്നണി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക