ഡൽഹി: മണിപ്പൂർ കലാപത്തിന് കാരണം കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മണിപ്പൂരിൽ കലാപം ആരംഭിച്ച് അഞ്ചാം മാസത്തിലേക്ക് അടുക്കുമ്പോഴും സംസ്ഥാനം കത്തുകയാണ്. ഇതിനിടെയാണ് മണിപ്പൂർ സംഘർഷത്തിന് കുടിയേറ്റവും കാരണമായെന്ന കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥ മണിപ്പൂരിലെ സംഘർഷത്തിന്റെ കാരണങ്ങളിലൊന്നാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
മണിപ്പൂരിൽ മുഖ്യമന്ത്രിയെ പുറത്താക്കി സമാധാനം പുനസ്ഥാപിക്കണം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. 147 ദിവസമായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ സമയം ലഭിച്ചിട്ടില്ല. മണിപ്പൂർ യുദ്ധക്കളമായി മാറിയതിന് കാരണം ബിജെപി എന്നും ഖർഗെ കുറ്റപ്പെടുത്തി.
കലാപത്തിനിടെ രണ്ട് മെയ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സിബിഐ സംഘം ഇംഫാലിൽ എത്തിയിട്ടുണ്ട്. സിബിഐ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നാഗറുടെ നേതൃത്വത്തിലുള്ളതാണ് സംഘം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംസാരിച്ചതിന് പിന്നാലെയാണ് സിബിഐ സംഘം മണിപ്പൂരിൽ എത്തിയത്.
വിദ്യാർത്ഥികളുടെ കൊലപാതകം മണിപ്പൂർ കലാപത്തെ വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം തുടരുകയാണ്. രാത്രി ഏറെ വൈകിയും ഇംഫാലിൽ മെയ്തെയ് യുവാക്കളും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട വിദ്യാർഥികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. രണ്ട് ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക