ഇംഫാൽ: അഫ്സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്നങ്ങള് വീണ്ടും ഉടലെടുത്തതിനെ തുടര്ന്നാണ് നടപടി. തലസ്ഥാനമായ ഇംഫാല് ഉള്പ്പെടെ 19 പൊലീസ് സ്റ്റേഷന് പരിധികളില് അഫ്സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള് ബാധകമല്ല.
വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്ത്തനങ്ങള് സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില് സര്ക്കാര് സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്സ്പാ സംബന്ധിച്ച വിജ്ഞാപനത്തില് സര്ക്കാര് വ്യക്തമാക്കുന്നത്.
ആയുധധാരികളെന്ന് സംശയിക്കുന്നവര് മെയ്തേയ് വിഭാഗത്തില്പ്പെട്ട രണ്ട് വിദ്യാര്ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്ന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്ന്നാണ് അഫ്സ്പാ നിയമം പ്രഖ്യാപിച്ചത്.
മണിപ്പൂര് കലാപത്തെ തുടര്ന്ന് ജൂലൈ മാസത്തില് കാണാതായ രണ്ട് വിദ്യാര്ത്ഥികളുടെ മൃതശരീരത്തിന്റെ ഫോട്ടോ സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് വിദ്യാര്ത്ഥികളെ കാണാതായ കേസില് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് മണിപ്പൂരിൽ പ്രതിഷേധം ഉയർന്നിരുന്നു.
മെയ്തേയ് വിഭാഗത്തില് നിന്നുള്ള രണ്ട് ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നിവരുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില് ഒരു സായുധ സംഘത്തിന്റെ താല്ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്ത്തകിടി വളപ്പില് ഇരുവരും ഇരിക്കുന്നതാണ് ഫോട്ടോ. ഇവര്ക്ക് പുറകില് തോക്കുമായി നില്ക്കുന്ന രണ്ട് പേരെയും ചിത്രത്തില് കാണാം. അടുത്ത ഫോട്ടോയില് ഇരുവരുടെയും ശരീരം തറയില് മരിച്ച നിലയില് കിടക്കുന്നതാണ്.
ഇതിനിടെ വിദ്യാര്ത്ഥികളെ കാണാതായി ഇത്രകാലം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ജൂലൈയില് ഇവരെ കാണാതായതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള് പതിഞ്ഞ സിസിടിവി ദൃശ്യങ്ങള് കണ്ടെത്തിയിരുന്നു. എന്നാല് ഇതിനെ പിന്തുടര്ന്ന് ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ഇപ്പോള് ഉയരുന്ന പരാതി.