ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ ഇംഫാൽ ഈസ്റ്റിലെ സ്വകാര്യ വസതിയിൽ ആളുകൾ സംഘം ചേർന്ന് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സംഘത്തെ തടഞ്ഞു. മെയ്തി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം
ഏകദേശം 500-600 ആളുകൾ ഉണ്ടായിരുന്നതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മെയ്തി വിഭാഗത്തിൽ നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ രണ്ട് ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്കും രാജ്ഭവനിലേക്കും മാർച്ച് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇവരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത കണ്ണീർ വാതക ഷെല്ലാക്രമണം നടത്തിയെങ്കിലും വിദ്യാർത്ഥികളുടെ പ്രതിനിധികളെ ഗവർണറെയും മുഖ്യമന്ത്രിയെയും കാണാൻ അനുവദിക്കുകയായിരുന്നു. കാടിനുള്ളില് ഒരു സായുധ സംഘത്തിന്റെ താല്ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്ത്തകിടി വളപ്പില് ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില് കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചത്. സംഭവത്തില് മണിപ്പൂര് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്ത്ഥികളെ കാണാതായ കേസില് സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള് സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.