ദില്ലി: കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വാഷിങ്ടണ്ണിലെ ഹട്ട്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സംവാദത്തിൽ അദ്ദേഹം പ്രതികരിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണെന്നും അവരെ പരസ്യമായി അവഹേളിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. അതിനാലാണ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാനഡക്കെതിരായ എസ് ജയശങ്കറുടെ കടുത്ത നിലപാട്.
നേരത്തെ യുഎന് പൊതുസഭയിലും എസ് ജയശങ്കർ കാനഡയ്ക്ക് പരോക്ഷ മറുപടി നൽകിയിരുന്നു. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല് രാജ്യങ്ങള് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടരുതെന്നും ജയശങ്കർ പറഞ്ഞിരുന്നു. ഇന്ത്യ-കാനഡ നയതന്ത്ര തര്ക്കത്തിന് പിന്നില് കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്ശിക്കുന്നതായിരുന്നു ഇന്ത്യന് വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.
കനേഡിയന് പൗരനായ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കാനഡ. ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരാണ് എന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക