സാമൂഹിക നീതി ഉറപ്പാക്കാൻ ദേശീയതലത്തിൽ ജാതി സെൻസസ് നടത്തണം: കോൺഗ്രസ്

ബിഹാർ സർക്കാർ സംസ്ഥാനത്ത് നടത്തിയ ജാതി സർവേ സ്വാഗതം ചെയ്യുന്നുവെന്ന് ജയറാം രമേശ്.

dot image

ന്യൂഡൽഹി: സംസ്ഥാനത്തെ ജാതി സെന്സസിന്റെ ഫലം പുറത്തു വിട്ട ബിഹാര് സര്ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സാമൂഹിക നീതി ഉറപ്പാക്കാനും സാമൂഹിക ശാക്തീകരണ പരിപാടികൾക്ക് ഉറച്ച അടിത്തറ നൽകാനും ദേശീയ തലത്തിൽ സമാനമായ രീതിയിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്നും കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയെങ്കിലും അതിന്റെ ഫലം മോദി സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. "ബിഹാർ സർക്കാർ സംസ്ഥാനത്ത് നടത്തിയ ജാതി സർവേയുടെ ഫലങ്ങൾ ഇപ്പോൾ പുറത്തുവിട്ടു. ഇതിനെ സ്വാഗതം ചെയ്യുന്നു. കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നടത്തിയ സമാനമായ സർവേകൾ അനുസ്മരിക്കുകയാണ്. ഒരു ദേശീയ ജാതി സെൻസസ് ഏറ്റവും വേഗത്തിൽ നടത്തണമെന്ന ആവശ്യം കേന്ദ്രത്തോട് ആവർത്തിക്കുന്നു", അദ്ദേഹം എക്സിൽ കുറിച്ചു.

ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾ 84 ശതമാനം വരും. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്റെ അഞ്ച് ശതമാനം മാത്രം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ ചൂണ്ടിക്കാട്ടി.

ഇന്നാണ് ബിഹാര് സര്ക്കാര് ജാതി സെന്സസിന്റെ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില് നിന്നുള്ളവരാണെന്നാണ് റിപ്പോര്ട്ടിലെ പ്രധാന കണ്ടെത്തല്. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില് നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന് സെന്സസ് റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില് പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image