ന്യൂഡൽഹി: ജാതി സെൻസസിലൂടെ പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലിരുന്നപ്പോൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. ഇപ്പോൾ പാവങ്ങളുടെ വികാരം വച്ച് കളിക്കുകയാണെന്നു മോദി പറഞ്ഞു. ബിഹാർ സർക്കാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
'അന്ന് അവർ പാവങ്ങളുടെ വികാരം വച്ച് കളിച്ചു. ഇന്നും അവർ അതേ ഗെയിം തന്നെയാണ് കളിക്കുന്നത്. മുമ്പ് ജാതിയുടെ പേരിൽ അവർ രാജ്യത്തെ വിഭജിച്ചു. ഇന്നും അവർ രാജ്യത്തെ അതുപറഞ്ഞ് വിഭജിക്കാൻ പോവുകയാണ്. നേരത്തെ അവർ ഒരുപാട് അഴിമതികൾ നടത്തി, ഇന്ന് അവർ കൂടുതൽ അഴിമതിക്കാരാണ്,' മോദി മധ്യപ്രദേശിലെ ഗ്വാളിയാറിൽ പൊതുപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജാതി സെൻസസെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വിമർശിച്ചിരുന്നു. സാധാരണക്കാരേയും പാവങ്ങളേയും ഭ്രമിപ്പിക്കാൻ മാത്രമാണ് ജാതി സെൻസസ്. 18 വർഷം നിതീഷ് കുമാർ ഭരിച്ചിട്ടും 15 വർഷം ലാലുപ്രസാദ് യാദവ് ഭരിച്ചിട്ടും സംസ്ഥാനം വികസിപ്പിച്ചില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചിരുന്നു. ബിഹാറിലെ സെൻസസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു കേന്ദ്ര മന്ത്രിയുടേയും പ്രതികരണം. കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് ജാതി സെൻസസ് നടത്തണമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്ന് നാളെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്ത് സർവകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ബിഹാറിലെ ആകെ ജനസംഖ്യ 13.1 കോടിയാണ്. ജനസംഖ്യയിൽ 36 ശതമാനം പേർ അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാർ, 19.7 ശതമാനം പേർ പട്ടികജാതി, 1.7 ശതമാനം പേർ പട്ടികവർഗക്കാരുമാണെന്ന് പുറത്തുവിട്ട സെൻസസ് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക