സര്ക്കാര് ജോലിയില് വനിതകള്ക്ക് 35% സംവരണവുമായി മധ്യപ്രദേശ് സര്ക്കാര്

വനംവകുപ്പ് ഒഴികെയുള്ള ഡിപ്പാര്ട്ട്മെന്റുകളിലാണ് സംവരണം

dot image

ഭോപ്പാൽ: സര്ക്കാര് ജോലിയില് വനിതകള്ക്ക് 35% സംവരണവുമായി മധ്യപ്രദേശ് സര്ക്കാര്. മധ്യപ്രദേശ് സിവില് സര്വ്വീസസ് നിയമം ഭേദഗതി ചെയ്താണ് സര്ക്കാര് സര്വീസില് സ്ത്രീകള്ക്ക് 35% സംവരണം നല്കിയിരിക്കുന്നത്. വനംവകുപ്പ് ഒഴികെയുള്ള ഡിപ്പാര്ട്ട്മെന്റുകളിലാണ് സംവരണം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി സര്ക്കാരിന്റെ നീക്കം.

'ഏതെങ്കിലും സര്വ്വീസ് ചട്ടങ്ങളില് എന്തെല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന് കീഴിലുള്ള (വനം വകുപ്പ് ഒഴികെ) എല്ലാ തസ്തികകളിലും 35% സ്ത്രീകള്ക്ക് വേണ്ടി ഡയറക്ട് റിക്രൂട്ട്മെന്റ് ഘട്ടത്തില് സംവരണം ചെയ്യണം, കൂടാതെ പ്രസ്തുത സംവരണം തിരശ്ചീനമായും കമ്പാര്ട്ട്മെന്റ് തിരിച്ചും ആയിരിക്കും' എന്നുമാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്.

പൊലീസിലും മറ്റ് ഡിപ്പാര്ട്ട്മെന്റുകളിലും ഒഴിവുകളുടെ 35% സ്ത്രീകള്ക്കായി സംവരണം ചെയ്യുമെന്ന് അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചിരുന്നു. അധ്യാപക പോസ്റ്റുകളില് 50% സ്ത്രീകള്ക്കായി സംവരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലാഡ്ലി ബഹ്നാ യോജനയുടെ ഭാഗമായുള്ള ഗുണഭോക്താക്കള്ക്ക് ധനസഹായം മുന്കൂറായി കൈമാറുമെന്നും ശിവരാജ് സിങ് ചൗഹാന് വ്യക്തമാക്കിയിരുന്നു. 'എല്ലാ മാസവും 10നാണ് ധനസഹായം കൈമാറുന്നത്. എന്നാല് ഇത്തവണ ബുധനാഴ്ച തന്നെ കൈമാറും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിനാല് ആ സമയത്ത് ഇത് ചെയ്യാനാവില്ല' എന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ വാക്കുകള്.

വനിതകളുടെ ക്ഷേമത്തിനായുള്ള മധ്യപ്രദേശ് സര്ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ് 'ലാഡ്ലി ബഹ്നാ യോജന'. ഈ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്ക്ക് 1250 രൂപ പ്രതിമാസം ലഭിക്കും.

ഈ വര്ഷം അവസാനത്തെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില് സ്ത്രീ വോട്ടര്മാര് നിര്ണ്ണായക ഘടകമാണ്. സ്ത്രീകളെ ലക്ഷ്യമിട്ട് മധ്യപ്രദേശ് സര്ക്കാര് നടത്തുന്ന നീക്കങ്ങള് ഭരണവിരുദ്ധ വികാരത്തെ മറികടക്കാന് സര്ക്കാരിനെ സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കാക്കുന്നത്. അടുത്തിടെ നടന്ന അഭിപ്രായ സര്വ്വെകള് മധ്യപ്രദേശില് കോണ്ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ശിവരാജ് സിങ് ചൗഹാന് സ്ത്രീ വോട്ടര്മാരെ ലക്ഷ്യം വച്ചുള്ള പദ്ധതികള് മുന്നോട്ടു വച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us