'മനീഷ് സിസോദിയക്കെതിരെ തെളിവ് എവിടെ?'; കേന്ദ്ര ഏജൻസികളോട് സുപ്രീം കോടതി

സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം

dot image

ഡൽഹി: മദ്യനയക്കേസില് ദില്ലി മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ തെളിവ് എവിടെയെന്ന് കേന്ദ്ര ഏജൻസികളോട് സുപ്രീം കോടതി. കേസില് അറസ്റ്റിലായ വ്യവസായി ദിനേഷ് അറോറയുടെ മൊഴിയല്ലാതെ വേറെ എന്ത് തെളിവാണ് മനീഷ് സിസോദിയയ്ക്ക് എതിരെയുള്ളതെന്നും കോടതി ചോദിച്ചു. അഴിമതിയില് സിസോദിയക്ക് പങ്കുണ്ടെന്ന് തെളിയിക്കാന് നിലവിലെ തെളിവുകള് പര്യാപ്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

മനീഷ് സിസോദിയക്ക് പണം ലഭിച്ചുവെന്നാണ് ഏജന്സികളുടെ കേസ്. എന്നാല് ഈ പറയുന്ന മദ്യഗ്രൂപ്പില് നിന്ന് മനീഷ് സിസോദിയയ്ക്ക് എങ്ങനെ പണമെത്തിയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് എസ്വിഎന് ഭട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. ഫെബ്രുവരിയിലാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ചിൽ ഇഡിയും അറസ്റ്റ് ചെയ്തു.

'നിങ്ങള് 100 കോടി, 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് എടുത്തത്. ആരാണ് അവര്ക്ക് ഇത് നല്കിയത്? പണം നല്കുന്ന നിരവധി ആളുകള് ഉണ്ടാകാം - മദ്യവുമായി ബന്ധിപ്പിക്കണമെന്നില്ല. തെളിവ് എവിടെ? ദിനേഷ് അറോറ തന്നെയാണ് സ്വീകര്ത്താവ്. എവിടെയാണ് തെളിവുകള്? ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോ?' എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ ചോദ്യം. മദ്യലോബിയില് നിന്നും പണം ഒഴുകിയെന്ന് പറയുന്ന ചങ്ങല പക്ഷേ പൂര്ണ്ണമായി സ്ഥാപിക്കാന് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഒളിവിൽ നടത്തുന്ന ഇത്തരം പ്രവർത്തികളിൽ തെളിവുകളുടെ ശൃംഖല കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് നിരീക്ഷിച്ച കോടതി അന്വേഷണ ഏജൻസികളുടെ ജോലി അതാണെന്നും ചൂണ്ടിക്കാണിച്ചു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഒക്ടോബര് 12ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us