ഡല്ഹി: യുഎപിഎ ചുമത്തിയ ഡല്ഹി പൊലീസിന്റെ സ്പെഷ്യല് സെല്ലിന്റെ എഫ്ഐആര് റദ്ദാക്കണമെന്ന ആവശ്യവുമായി ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര് പ്രബീര് പുരകായസ്ത ഡല്ഹി ഹൈക്കോടതിയില്. ചൈനീസ് അനുകൂല പ്രചാരണത്തിനായി പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് ഡല്ഹി പൊലീസിന്റെ സ്പെഷ്യല് സെല് പ്രബീര് പുരകായസ്തയ്ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. മുതിര്ന്ന അഭിഭാഷകന് കബില് സിബലാണ് ഡല്ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില് പ്രബീര് പുരകായസ്തയുടെ ജാമ്യഹര്ജിയെക്കുറിച്ച് സൂചിപ്പിച്ചത്. ഇതോടെ ഹര്ജി ഇന്ന് കേള്ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. എഫ്ഐആര് റദ്ദാക്കണമെന്നും പ്രബീര് പുരകായസ്ത, എച്ച് ആര് മാനേജര് അമിത് ചക്രവര്ത്തി എന്നിവരെ റിമാന്ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റര് പ്രബീര് പുരകായസ്തയും എച്ച്ആര് മാനേജര് അമിത് ചക്രവര്ത്തിയും അറസ്റ്റിലാകുന്നത്. തുടര്ന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില് വിടുകയായിരുന്നു. ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.
നേരത്തെ ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകര് താമസിക്കുന്ന മുപ്പതോളം ഇടങ്ങളില് ഡല്ഹി പൊലീസ് സ്പെഷ്യല് സെല് ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയില് ലാപ്ടോപ്, മൊബൈല് ഫോണ്, ഹാര്ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
ചൈനീസ് താല്പര്യങ്ങള്ക്ക് അനുസരിച്ച് വാര്ത്ത നല്കിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള് സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങള് പൊതുമധ്യത്തിലുണ്ട്. ചൈനീസ് താല്പര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നായിരുന്നു ന്യൂസ് ക്ലിക്ക് അധികൃതരുടെ നിലപാട്.
എഫ്ഐആറിന്റെ പകര്പ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നല്കിയിട്ടില്ല. ഫണ്ടുകള് ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതര്ക്ക് റിപ്പോര്ട്ട് സമര്പ്പിക്കുന്നു. നടപടികള് പാലിക്കാതെയാണ് ലാപ്ടോപ്പുകള് അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞിരുന്നു. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയില് പ്രതിഷേധിച്ച് മാധ്യമപ്രവര്ത്തകര് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്കിയിട്ടുണ്ട്.