ന്യൂഡൽഹി: രാജ്യവ്യാപകമായി ജാതി സെന്സസുമായി കോണ്ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല് ഗാന്ധി എംപി. ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില് സെൻസസ് നടപ്പാക്കാനാണ് ആലോചന. തീരുമാനം പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണെന്ന് കരുതുന്നു. ജാതി സെൻസസിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെങ്കിലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും രാഹുൽ ഗാന്ധി സമ്മതിച്ചു.
രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്സസ് അനിവാര്യമാണ്. എന്നാൽ സെൻസസ് പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില് മൂന്ന് പേരും ഒബിസി വിഭാഗത്തില് നിന്നാണ്. എന്നാൽ 10 ബിജെപി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക