ന്യൂഡൽഹി: കോടതി മുറിയിൽ രാഷ്ട്രീയം പറയരുതെന്ന് ആം ആദ്മി പാര്ട്ടി രാജ്യസഭാ എം പി സഞ്ജയ് സിങ്ങിന് താക്കീത് നൽകി കോടതി. ഡല്ഹി മദ്യനയ അഴിമതി കേസിന്റെ വാദം കേൾക്കുന്നതിനിടയിലാണ് സംഭവം. വാദം കേൾക്കവേ സഞ്ജയ് സിങ് വ്യവസായി ഗൗതം അദാനിയുടെ പേര് ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ താക്കീത്.
അദാനിയെയും മോദിയെയും കുറിച്ച് കോടതിയിൽ സംസാരിക്കാൻ പറ്റില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം വീഡിയോ കോൺഫറൻസിംഗിലൂടെ വിളിപ്പിക്കുമെന്നുമാണ് പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ പറഞ്ഞത്. അദാനിക്കെതിരായ തന്റെ പരാതിയിൽ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്ന് സഞ്ജയ് സിങ് കോടതിയിൽ ആരോപിച്ചു. എന്നാൽ വിചാരണ നടക്കുന്ന കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.
ചോദ്യം ചെയ്യലിൽ ഇഡി തന്നോട് പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. എന്തുകൊണ്ട് അമ്മയുടെ അക്കൗണ്ടിൽ നിന്ന് പണമെടുത്തു, എന്തുകൊണ്ട് ഭാര്യയുടെ അക്കൗണ്ടിൽ പതിനായിരം രൂപ നിക്ഷേപിച്ചു എന്നിങ്ങനെയാണ് അവർ ചോദിച്ചത്. ഇഡി എന്റർടെയ്ൻമെന്റ് ഡിപ്പാർട്മെന്റായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. വാദം കേൾക്കലിന് ശേഷം, രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കോടതി ശരിവെച്ചു. സഞ്ജയ് സിങിന്റെ കസ്റ്റഡി ഒക്ടോബർ 27 വരെയാണ് നീട്ടിയിരിക്കുന്നത്.
ഈ മാസം ആദ്യമായിരുന്നു സഞ്ജയ് സിങ് അറസ്റ്റിലായത്. സഞ്ജയ് സിങിന്റെ വസതിയില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം നീണ്ടറെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.