ന്യൂ ഡല്ഹി: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് ഇന്ത്യ ടുഡേ- സി വോട്ടര് സര്വേ. കോണ്ഗ്രസ് 54 സീറ്റുകളില് വിജയിക്കുമെന്നാണ് സര്വേ ഫലം. 2018ല് നേടിയതില് നിന്ന് 35 സീറ്റുകൾ അധികം നേടുമെന്നാണ് പ്രവചനം.
ബിആര്എസിന് 49 സീറ്റുകളാണ് ലഭിക്കുക. 2018ല് നേടിയ 88ല് നിന്ന് 39 സീറ്റുകള് നഷ്ടപ്പെടും. ബിജെപി എട്ട് സീറ്റുകള് നേടാം. എഐഎംഐഎം അടക്കമുള്ള മറ്റുള്ളവര് എട്ട് സീറ്റുകളും നേടുമെന്നാണ് സര്വേ ഫലം പറയുന്നത്.
കോണ്ഗ്രസ് 11 ശതമാനം വോട്ട് അധികം നേടും. 2018ലെ 28 ശതമാനത്തില് നിന്ന് 38 ശതമാനം വോട്ടിലേക്കാണ് മാറുക. ബിആര്എസ് കഴിഞ്ഞ തവണ നേടിയ 47 ശതമാനം വോട്ടില് നിന്ന് 38 ശതമാനം വോട്ടിലേക്ക് മാറും. ബിആര്എസിന് ഒമ്പത് ശതമാനം വോട്ടാണ് നഷ്ടപ്പെടുക.
ബിജെപി കഴിഞ്ഞ തവണ നേടിയ ഏഴ് ശതമാനം വോട്ടില് നിന്ന് 18 ശതമാനം വോട്ടിലേക്ക് മുന്നേറും. മറ്റുപാര്ട്ടികള് എന്ന വിഭാഗത്തില്പെടുന്നവര് കഴിഞ്ഞ തവണ 18 ശതമാനം വോട്ടാണ് നേടിയത്. ഇതില് എഐഎംഐഎം ആണ് പ്രധാന പാര്ട്ടി. ഇത്തവണ മറ്റുപാര്ട്ടികള്ക്ക് ഏഴ് ശതമാനം വോട്ടേ നേടാന് കഴിയൂ.
കോണ്ഗ്രസിനോ ബിആര്എസിനോ സര്ക്കാര് രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഫലം. അത് കൊണ്ടുതന്നെ സര്ക്കാര് രൂപീകരിക്കണമെങ്കില് ബിജെപിയുടെയോ മറ്റുള്ളവരുടെയോ പിന്തുണ ആവശ്യമായി വരുമെന്നാണ് സര്വേ പറയുന്നത്.