ന്യൂഡല്ഹി: ഇന്ത്യാ-കാനഡ ബന്ധം വഷളായിരിക്കെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില് കാനഡ ഇടപ്പെട്ടുവെന്ന് എസ് ജയശങ്കര് പറഞ്ഞു. കാനഡയുടെ രാഷ്ട്രീയ നിലപാടില് ഇന്ത്യക്ക് പ്രശ്നങ്ങളുണ്ടെന്നും ജയശങ്കര് വ്യക്തമാക്കി.
'ഇരു രാജ്യങ്ങള്ക്കും സമത്വം പ്രദാനം ചെയ്യുന്നതായിരുന്നു വിയന്ന കണ്വെന്ഷന്. ഞങ്ങളുടെ കാര്യത്തില്, കനേഡിയന് ഉദ്യോഗസ്ഥര് തുടര്ച്ചയായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടുന്നതില് ആശങ്കയുണ്ട്.' ജയശങ്കര് പറഞ്ഞു. ഇക്കാര്യത്തില് കൂടുതല് കാര്യങ്ങള് വഴിയേ പുറത്തുവരുമെന്നും ഇന്ത്യക്ക് പ്രശ്നം എന്തിനാണെന്ന് ജനങ്ങള്ക്ക് മനസ്സിലാവുമെന്നും ജയശങ്കര് പറഞ്ഞു.
ഇന്ത്യയുടെ നടപടികള് ലക്ഷക്കണക്കിന് പേരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുവെന്നും നയതന്ത്രബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും മാനിക്കാതെയുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കനേഡിയന് പ്രധാനമന്ത്രി ജസിറ്റിന് ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിന്റെ മറുപടി.
'സങ്കീര്ണ്ണമായ ഘട്ടത്തിലൂടെയാണ് ഇന്ത്യാ-കാനഡ ബന്ധം മുന്നോട്ട് പോകുന്നത്. കാനഡയുടെ ചില രാഷ്ട്രീയ നിലപാടിനോടും നയത്തോടുമാണ് പ്രശ്നമെന്ന് ഇപ്പോള് പറയാന് ആഗ്രഹിക്കുകയാണ്.' ജയശങ്കര് പറഞ്ഞു. കനേഡിയന് പൗരന്മാര്ക്കുള്ള വിസ സര്വ്വീസ് തല്ക്കാലം തുടങ്ങാനാവില്ല. ഇന്ത്യന് ഉദ്യോഗസ്ഥര്ക്ക് സുരക്ഷാ ഭീഷണിയുള്ളതുകൊണ്ടാണ് സര്വ്വീസ് നിര്ത്തിവെച്ചത്. സ്ഥിതി മെച്ചപ്പെട്ടാല് വിസ നല്കുന്നത് പുനഃസ്ഥാപിക്കാമെന്നും ജയശങ്കര് പറഞ്ഞു.