ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്പുരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തൽ. ലാലാ ലജ്പത് റായ് (എൽഎൽആർ) സർക്കാർ ആശുപത്രിയിലാണ് സംഭവം.
തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്ക് രക്തം നൽകിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പേർക്ക് എച്ച്ഐവി, അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണ്പുർ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.
രോഗബാധ ആശങ്കാജനകമാണെന്നും അപകടസാധ്യതയുണ്ടെന്നും എൽഎൽആറിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോ. അരുൺ ആര്യ പറഞ്ഞു. “ഞങ്ങൾ ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി രോഗികളെ കാൺപൂരിലെ റഫറൽ സെന്ററിലേക്കും മാറ്റി,” അദ്ദേഹം പറഞ്ഞു.
രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ ബോർഡ് അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു.