ബെംഗളൂരു: കേന്ദ്ര മന്ത്രി ശോഭാ കരന്തലജെയെ കര്ണാടക ബിജെപി സംസ്ഥാന അധ്യക്ഷയായേക്കും. കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് പാര്ട്ടി കനത്ത പരാജയം നേരിട്ട് അഞ്ച് മാസത്തിനിപ്പുറമാണ് നടപടി. അതേസമയം നീക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശോഭാ കരന്തലജെയുടെ പ്രതികരണം.
വൊക്കലിംഗ വിഭാഗക്കാരിയായ ശോഭ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തില് നിന്നുള്ള ലോക്സഭാംഗമാണ്. ബിജെപി വോട്ട് ഏകീകരണം ലക്ഷ്യമിടുന്ന പഴയ മൈസൂരു പ്രദേശത്താണ് വൊക്കലിംഗ സമുദായത്തിന് മേല്ക്കൈയുള്ളത്. ഇത് കൂടി മുന്നില് കണ്ടാണ് നീക്കമെന്നാണ് വിവരം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി കനത്ത തിരിച്ചടി നേരിട്ടതോടെ രാജിവെച്ച നിലവിലെ അധ്യക്ഷന് നളിന് കുമാര് കട്ടീല്, ബിജെപി ഹൈക്കമാന്ഡിന്റെ നിര്ദേശപ്രകാരമാണ് തുടരുന്നത്.
അതേസമയം ബിജെപി അധ്യക്ഷ പദവിയിലേക്ക് വരുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കരന്തലജെ പ്രതികരിച്ചു. 'ചുമതലയെക്കുറിച്ച് എനിക്ക് അറിയില്ല. കേന്ദ്ര മന്ത്രി പദവിയില് ഞാന് സന്തുഷ്ടയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാന് നിലവില് ഉദ്ദേശിക്കുന്നില്ല. മെച്ചപ്പെട്ട നിലയിലാണ് ഇപ്പോള് പ്രവര്ത്തിക്കുന്നത്.' കരന്തലജെ പറഞ്ഞു.
അതിനിടെ കരന്തലജെയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് ബിജെപി എംപി പ്രതാപ് സിന്ഹയുടെ പിറന്നാള് ആശംസ ചര്ച്ചയായി. 'ഞാന് ഇപ്പോഴും ഒരു ജൂനിയര് രാഷ്ട്രീയക്കാരനാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്ഡാണ്. ഞാന് പാര്ട്ടിയില് ചേര്ന്നിട്ട് പത്ത് വര്ഷം ആവുന്നതേയുള്ളൂ. ശോഭാ കരന്തലജെ പാര്ട്ടിയിലേക്ക് തിരിച്ചെത്താന് പ്രവര്ത്തകരും ആഗ്രഹിക്കുന്നുണ്ട്. അവര്ക്കൊപ്പം ഞാനും ആഗ്രഹിക്കുന്നു.' സിംഹ കുറിച്ചു. അതേസമയം മുതിര്ന്ന വൊക്കലിംഗ നേതാക്കളായ മുന് മന്ത്രിമാരായ ആര് അശോകയും സിഎന് അശ്വന്ത് നാരായണനും പുതിയ നീക്കത്തില് അതൃപ്തരാണെന്നാണ് വിവരം.