ജയ്പൂര്: തിരഞ്ഞെടുപ്പ് പ്രചരണം പ്രിയങ്ക ഗാന്ധി മുന്നില് നിന്ന് നയിക്കുന്ന കര്ണാടക, ഹിമാചല് പ്രദേശ് തന്ത്രം രാജസ്ഥാനിലും ആവര്ത്തിച്ച് കോണ്ഗ്രസ്. കഴിഞ്ഞ ബുധനാഴ്ച നടന്ന യോഗത്തോടെ സംസ്ഥാനത്ത് പ്രിയങ്ക വിളിച്ചു ചേര്ത്ത യോഗങ്ങളുടെ എണ്ണം മൂന്നായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്പാണ് രാജസ്ഥാനിലെ പ്രചരണം പ്രിയങ്ക നയിക്കട്ടെ എന്ന തീരുമാനത്തിലേക്ക് കോണ്ഗ്രസ് എത്തിയതെന്നാണ് പാര്ട്ടി വൃത്തങ്ങളില് നിന്നുള്ള വിവരം.
രാജസ്ഥാനില് ഇത്തവണ രാഹുല് ഗാന്ധിയേക്കാള് കൂടുതല് യോഗങ്ങളില് പ്രസംഗിക്കുക പ്രിയങ്ക ഗാന്ധിയായിരിക്കും. കര്ണാടക, ഹിമാചല് പ്രദേശ് സംസ്ഥാനങ്ങളില് പ്രിയങ്കയുടെ നേതൃശേഷി പാര്ട്ടിക്ക് ഗുണകരമായെന്ന കോണ്ഗ്രസ് വിലയിരുത്തലിലാണ് രാജസ്ഥാനിലേക്കും നിയോഗിച്ചിരിക്കുന്നത്.
സച്ചിന് പൈലറ്റിന്റെ ടോങ്ക് നിയോജക മണ്ഡലത്തില് സെപ്റ്റംബര് 10നും ദോസയില് ഒക്ടോബര് 20നും പ്രിയങ്ക പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു കഴിഞ്ഞു. ഒക്ടോബര് 25ന് ജൂന്ജുനുവിലെ അരധാവട്ടയില് മുന് കേന്ദ്രമന്ത്രി ശിശ്രാം ഓലയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രിയങ്ക സംസാരിക്കും.
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല് രാഹുല് ഗാന്ധി ഹിമാചല് പ്രദേശില് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നില്ല. അതിനാല് സംസ്ഥാനത്തെ പ്രചരണം മുഴുവന് കൈകാര്യം ചെയ്തത് പ്രിയങ്ക ആയിരുന്നു. കര്ണാടകത്തിലും പ്രിയങ്ക തിരക്കേറിയ താരപ്രചാരക ആയിരുന്നു.
'സംസ്ഥാനത്തെ എല്ലാ സീറ്റുകളില് നിന്നും പ്രിയങ്ക പ്രസംഗിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. കൂടുതല് സീറ്റുകളിലും പ്രിയങ്കയെ എത്തിക്കാനാണ് ഞങ്ങള് പരിശ്രമിക്കുന്നത്.', സംസ്ഥാനത്തെ ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞു.
ജനങ്ങള് പ്രിയങ്കയുടെ വാക്കുകളും വാഗ്ദാനങ്ങളും ഗൗരവത്തോടെ കാണുന്നു. കര്ണാടകത്തിലും ഹിമാചലിലും പ്രിയങ്ക നല്കിയ വാഗ്ദാനങ്ങള് അധികാരത്തിലെത്തിയ ഉടനെ തന്നെ സര്ക്കാരുകള് നടപ്പിലാക്കി കഴിഞ്ഞു. അതാണ് അവര്ക്ക് നല്കുന്ന ബഹുമാനം. ജനങ്ങള് പ്രിയങ്കയുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.