മിസോറാം നിയമസഭ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് പ്രചരണത്തിനായി നേതാക്കളായ പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശും ശശി തരൂരുമെത്തും. നവംബര് ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബര് മൂന്ന്, നാല് തിയ്യതികളില് പ്രിയങ്ക ഗാന്ധിയും ശശി തരൂരും പാര്ട്ടി സ്ഥാനാര്ത്ഥികള്ക്ക് വേണ്ടി പ്രചരണം നടത്തും. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങള്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലായിരിക്കും പ്രിയങ്ക പ്രചാരണം നടത്തുക.
ജയ്റാം രമേശ് വ്യാഴാഴ്ച സംസ്ഥാനത്തെത്തും. സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കളോടൊപ്പം വാര്ത്താ സമ്മേളനം നടത്തും. വിവിധ പൊതുയോഗങ്ങളിലും പങ്കെടുക്കും. നേരത്തെ രാഹുല് ഗാന്ധി സംസ്ഥാനത്തെത്തി പ്രചരണം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദ അടക്കമുള്ള മുതിര്ന്ന നേതാക്കളും പ്രചരണത്തിനായി സംസ്ഥാനത്തെത്തുന്നുണ്ട്. ഒക്ടോബര് 30നാണ് പ്രധാനമന്ത്രിയെത്തുന്നത്.
സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് സാധ്യത. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും തെലങ്കാനയും പോലെ ഗൗരവമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് കോണ്ഗ്രസ് നടത്തുന്നതെന്ന സന്ദേശം രാഹുല് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടെ രൂപപ്പെട്ടു. ഇത് ഭരണകക്ഷിയായ മിസോ നാഷണല് ഫ്രണ്ടിന്റെ (എംഎന്എഫ്) അധ്യക്ഷന് കൂടിയായ മിസോറം മുഖ്യമന്ത്രി സോറംതംഗയ്ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രിസ്ത്യന് ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില് 1989 മുതല് എംഎന്എഫിനേയും കോണ്ഗ്രസിനേയും മാറിമാറിയാണ് ജനങ്ങള് തിരഞ്ഞെടുത്തിട്ടുള്ളത്.
എംഎന്എഫിനെ സംബന്ധിച്ച് എന്ഡിഎ സഖ്യം ചെറുതല്ലാത്ത ബാധ്യതയായി മാറിയിരിക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. കുക്കി സ്ത്രീകള്ക്കെതിരായ അതിക്രമവും പള്ളികള്ക്ക് നേരെയുണ്ടായ ആക്രമണവുമെല്ലാം ബന്ധം വഷളാക്കാന് കാരണമായി. ജനസംഖ്യയുടെ 87 ശതമാനവും ക്രിസ്ത്യാനികളുള്ള സംസ്ഥാനത്തെ എട്ട് ജില്ലകളിലും ക്രിസ്ത്യന് ഭൂരിപക്ഷമാണ്. ഈ വോട്ട് ബാങ്കില് കണ്ണുവെച്ച് ക്രിസ്ത്യന് വിഭാഗത്തെ ചേര്ത്തുപിടിച്ചുള്ള റാലിയാണ് സംസ്ഥാനത്ത് രാഹുല് സംഘടിപ്പിച്ചത്.
മിസോറാമില് റാലിക്കിടെ ബിജെപിയേയും ആര്എസ്എസിനേയും കടന്നാക്രമിക്കുന്ന പ്രസംഗമാണ് രാഹുല് നടത്തിയത്. ബിജെപി അവരുടെ ആശയത്തിലേക്ക് രാജ്യത്തെ കൊണ്ടുവരാന് ശ്രമിക്കുകയാണ്. എന്ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല് ഫ്രണ്ടിലൂടെ മിസോറാമിലേക്ക് കടന്നു കയറാന് ബിജെപി ശ്രമിക്കുകയാണെന്നും രാഹുല് ആരോപിച്ചിരുന്നു. നിങ്ങളുടെ മതവും സംസ്കാരവും പാരമ്പര്യവും തകര്ക്കുന്നവര്ക്ക് വോട്ട് ചെയ്യണോയെന്ന് നിങ്ങള് ആലോചിക്കണം.' എന്നായിരുന്നു രാഹുല് പ്രസംഗിച്ചത്.
അഞ്ച് വര്ഷം മുമ്പ് 40ല് 26 സീറ്റും നേടിയാണ് എംഎന്എഫ് അധികാരത്തിലെത്തിയത്. അന്ന് കോണ്ഗ്രസ് അഞ്ചും സോറം പീപ്പിള്സ് മൂവ്മെന്റ് എട്ടും സീറ്റുകളാണ് നേടിയത്. നിലവില് എംഎന്എഫിനെതിരായ ഭരണവിരുദ്ധ വികാരം കൂടി കണക്കിലെടുത്ത് ബദല് ആവാനുള്ള ശ്രമത്തിലാണ് സോറം പീപ്പിള്സ് മൂവ്മെന്റ്. ഈ സാഹചര്യത്തില് കൂടി ആകെയുള്ള നാല്പ്പത് സീറ്റില് ത്രികോണ പോരാട്ടത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുക.
1989ലും 1993-ലും കോണ്ഗ്രസിന്റെ ലാല് തന്വാല മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള് 1998 ലും 2003 ലും സോറംതംഗയാണ് അധികാരത്തിലെത്തിയത്. പിന്നീട് 2008ലും 2013ലും തന്വാലയിലൂടെ കോണ്ഗ്രസ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും 2018ല് സൊറംതംഗ വീണ്ടും അധികാരം പിടിക്കുകയായിരുന്നു.