കോട്ടയം: എന്സിഇആര്ടി പുസ്തകങ്ങളില് ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന് എന്സിഇആര്ടി ഉപദേശക സമിതി ശുപാര്ശ നല്കി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്ശ നല്കിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കല് ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാര്ശയുണ്ട്.
പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള് പഠിപ്പിക്കുന്നതില് രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില് ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.
1962ല് കറുകച്ചാലില് ജനിച്ച സി ഐ ഐസക് ചങ്ങനാശേരി എന്എസ്എസ് ഹിന്ദു കോളേജില് നിന്നാണ് വിദ്യാഭ്യാസം നേടിയത്. കോട്ടയം സിഎംഎസ് കോളേജിലെ ചരിത്രാധ്യാപകനായിരുന്നു. 2008ല് അധ്യാപന ജോലിയില് നിന്ന് വിരമിച്ചു. 2015ല് ഇന്ത്യന് കൗണ്സില് ഓഫ് ഹിസ്റ്റോറിക്കല് റിസര്ച്ചില് അംഗമായി. ഈ വര്ഷം പത്മ പുരസ്കാരവും ലഭിച്ചിരുന്നു.
സംഘ് പരിവാര് സംഘടനകളുമായി നിരവധി ദശകങ്ങളായി അടുത്ത ബന്ധമാണ് ഐസക്കിനുള്ളത്. ഭാരതീയ വിചാര കേന്ദ്രം ഉപാദ്ധ്യക്ഷനായിരുന്നു. പത്തോളം പുസ്തകങ്ങള് രചിച്ചിട്ടുണ്ട്. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള പൊതുവിലുള്ള കാഴ്ചപ്പാടുകളെ ഐസക് എക്കാലത്തും ചോദ്യം ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച മലബാര് കലാപത്തെ. ഐസക് ഭാഗമായ ഐസിഎച്ച്ആര് സബ് കമ്മറ്റി 1921 കലാപത്തിലെ 382 മാപ്പിള രക്തസാക്ഷികളെ ഇന്ത്യന് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന് ശുപാര്ശ ചെയ്തിരുന്നു.