'ഗവർണറെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മാറ്റരുത്; പ്രചരണത്തെ സഹായിക്കും': പോര് തുടർന്ന് എം കെ സ്റ്റാലിൻ

തമിഴ്നാട് സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള പോര് നാളുകളായി തുടരുകയാണ്

dot image

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്കെതിരെ പോര് തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ നീക്കം ചെയ്യരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സ്റ്റാലിൻ ആവശ്യപ്പെട്ടു. ചെന്നൈയിൽ സ്വകാര്യ ചടങ്ങിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ സഹായിക്കുകയാണെന്നും സ്റ്റാലിൻ പരിഹസിച്ചു.

"കഴിഞ്ഞ രണ്ട് ദിവസമായി ഗവർണർ എന്തൊക്കെ കള്ളങ്ങളാണ് പറയുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്റെ അഭിപ്രായത്തിൽ, കള്ളം പറയുകയും എന്താണ് ദ്രാവിഡം എന്ന് ചോദിക്കുകയും ചെയ്യുന്ന അദ്ദേഹം ഇവിടെ തുടരണം. അത് ഞങ്ങളെ സഹായിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് വരെയെങ്കിലും അദ്ദേഹത്തെ മാറ്റരുതെന്ന് ഞാൻ കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തമിഴ്നാട് സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള പോര് നാളുകളായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്ഭവനുനേരെ യുവാവ് പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ കടുത്ത പരാമർശങ്ങളുമായി ഗവർണറുടെ ഓഫീസ് രംഗത്തുവന്നിരുന്നു. വിഷയത്തിൽ സംസ്ഥാന പൊലീസ് തങ്ങളുടെ പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അവർ ആരോപിച്ചു. ഗവർണറുടെ ജീവന് ഭീഷണിയായ നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയെന്നും പൊലീസിന്റെ മനഃപൂർവമായ അവഗണന കാരണം ഇത് ആവർത്തിക്കുകയാണെന്നും രാജ്ഭവൻ പ്രസ്താവനയിൽ ആരോപിച്ചു.

dot image
To advertise here,contact us
dot image