ന്യൂഡൽഹി: ജമ്മു കശ്മീർ അതിർത്തിയിലെ പാകിസ്താന്റെ ആക്രമണത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ച് വെടിയുതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം പ്രതിഷേധം അറിയിച്ചത്. ബി എസ് എഫും പാക് റേഞ്ചേഴ്സും തമ്മിൽ നടന്ന യോഗത്തിൽ അതിര്ത്തിയില് സമാധാനം പാലിക്കാന് ധാരണയായി.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ജമ്മു കശ്മീർ അതിർത്തിയായ അര്ണിയ സെക്ടറിൽ പാകിസ്താൻ സൈനികർ വെടിയുതിർത്തിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. ഏഴ് മണിക്കൂർ നീണ്ടുനിന്ന ആക്രമണം പുലർച്ചെ മൂന്ന് മണിക്കാണ് അവസാനിച്ചത്. ആക്രമണത്തിൽ ഒരു ബിഎസ്എഫ് സൈനികനും ഒരു സ്ത്രീക്കും പരിക്കേറ്റു. പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുണ്ടായി.
ഈമാസം ഇത് രണ്ടാംതവണയാണ് പാകിസ്താൻ വെടിനിര്ത്തല് കരാര് ലംഘിക്കുന്നത്. ഒക്ടോബര് 17ന് അര്ണിയ സെക്ടറിലുണ്ടായ വെടിവയ്പ്പില് രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു.