'ഞെട്ടലും ലജ്ജയുമുണ്ടായി'; യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ പ്രിയങ്ക ഗാന്ധി

രാഷ്ട്രമെന്ന നിലയിൽ നേടിയ എല്ലാ പുരോഗതിക്കും എതിരായ നിലപാടെന്നും പ്രിയങ്ക വിമർശിച്ചു.

dot image

ഡൽഹി: ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടായെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഹിംസ, സത്യം എന്നീ തത്വങ്ങളിലാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. പലസ്തീൻ ജനത ഉന്മൂലനം ചെയ്യപ്പെടുമ്പോൾ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് ഇത്രകാലം രാജ്യം പാലിച്ചുപോന്ന തത്വങ്ങൾക്ക് എതിരാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. രാഷ്ട്രമെന്ന നിലയിൽ നേടിയ എല്ലാ പുരോഗതിക്കും എതിരായ നിലപാടെന്നും പ്രിയങ്ക വിമർശിച്ചു.

അഹിംസയും സത്യവുംകൊണ്ടാണ് നമ്മുടെ രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ബലിയർപ്പിച്ച് നേടിയ ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. ഇതാണ് അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്നത്. മനുഷ്യരാശിയുടെ എല്ലാ നിയമങ്ങളും കാറ്റില്പ്പറത്തി, ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവയെല്ലാം തടസ്സപ്പെടുത്തുമ്പോഴും ആയിരക്കണക്കിന് പലസ്തീൻ ജനത ഉന്മൂലനം ചെയ്യപ്പെടുമ്പോഴും ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തത് ഇന്ത്യ, ഒരു രാഷ്ട്രമെന്ന നിലയിൽ നേടിയ എല്ലാ പുരോഗതിക്കും എതിരായ നിലപാടാണ്.
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്

ഇസ്രയേൽ - ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. 45 അംഗങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. അമേരിക്കയും ഇസ്രയേലും അടക്കം 14 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 120 പേരുടെ വോട്ടോടെ പ്രമേയം പാസായി. ഇന്ത്യക്ക് പുറമെ ജർമ്മനി, ജപ്പാൻ, ഇറ്റലി, നെതർലാൻഡ്, യുക്രെയ്ൻ, ദക്ഷിണകൊറിയ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഹമാസിനെ അപലപിച്ചും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിൽ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു.

പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടിയെ വിമർശിച്ച് സിപിഐഎമ്മും സിപിഐയും രംഗത്തെത്തി. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം നാളെ ദില്ലിയിൽ ധർണ്ണ നടത്തും. ധർണ്ണയിൽ പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും.എകെജി ഭവന് മുന്നിലാണ് ധർണ്ണ നടത്തുക. ഗാസയിലെ മനുഷ്യക്കുരുതി ഉടൻ അവസാനിപ്പിക്കണം എന്നും സിപിഐഎം ആവശ്യപ്പെട്ടു. പലസ്തീന്റെ കാര്യത്തിൽ ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയായി മാറിയെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇസ്രയേൽ - ഇന്ത്യ - അമേരിക്ക കൂട്ട്കെട്ട് ഉണ്ടായി. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന നയത്തിന് വിരുദ്ധമാണ്. അടിയന്തരമായി വെടി നിർത്തൽ പ്രഖ്യാപിക്കണം. മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎന്നിൽ: വോട്ടുചെയ്യാതെ വിട്ടുനിന്ന് ഇന്ത്യ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us