
ഹൈദരാബാദ്: ബിആര്എസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ സി ചന്ദ്രശേഖര് റാവുവിനെതിരെ മത്സരിക്കാന് തീരുമാനിച്ച് സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന് രേവന്ത് റെഡ്ഡി. ഖമറെഡ്ഡി മണ്ഡലത്തിലാണ് ഇരുവരും തമ്മില് ഏറ്റുമുട്ടുക. നവംബര് 30നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ശനിയാഴ്ച എഐസിസി ഇന്ചാര്ജ് മാണിക് താക്കോറിന്റെ നേതൃത്വത്തില് സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തിലാണ് ഈ തന്ത്രപരമായ നീക്കം നടത്താന് തീരുമാനിച്ചത്. രേവന്ത് റെഡ്ഡി ഖമറെഡ്ഡി മണ്ഡലത്തില് നവംബര് എട്ടിനും കോടങ്കല് മണ്ഡലത്തില് നവംബര് ആറിനും നാമനിര്ദേശക പത്രിക സമര്പ്പിക്കുമെന്നാണ് വിവരം.
രേവന്ത് റെഡ്ഡി ഖമറെഡ്ഡിയില് മത്സരിക്കാന് തീരുമാനിച്ചതോടെ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളെ നേരിടേണ്ട അവസ്ഥയിലാണ് ചന്ദ്രശേഖര് റാവു. ഖമറെഡ്ഡിയെ കൂടാതെ ചന്ദ്രശഖര് റാവു മത്സരിക്കുന്ന ഗ്വാജെല് മണ്ഡലത്തില് ബിജെപി മുതിര്ന്ന നേതാവും എംഎല്എയുമായ എട്ടാല ചന്ദ്രശേഖര് റാവുവാണ് പ്രമുഖ എതിര്സ്ഥാനാര്ത്ഥി.
ചന്ദ്രശേഖര് റാവുവിനെ ഖമറെഡ്ഡി മണ്ഡലത്തില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന് നിര്ബന്ധിതമാക്കാനാണ് കോണ്ഗ്രസ് ഹൈക്കമാന്ഡിന്റെ രേവന്ത് റെഡ്ഡിയെ രംഗത്തിറക്കിയുള്ള നീക്കം. ഖമറെഡ്ഡിയിലെ മത്സരം അഭിമാനപോരാട്ടമായി മാറുന്നതോടെ ബിആര്എസിന്റെ പ്രമുഖ നേതാക്കള്ക്ക് ഖമറെഡ്ഡിയില് മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും പാര്ട്ടി നേതൃത്വം കണക്കൂകൂട്ടുന്നുവെന്ന് കോണ്ഗ്രസ് വൃത്തങ്ങള് പറയുന്നു.
മുന് മന്ത്രിയും മുന് നിയമസഭാ കക്ഷി നേതാവുമായ മുഹമ്മദ് അലി ഷാബിറിന്റെ പേരായിരുന്നു ഖമറെഡ്ഡി മണ്ഡലത്തിലേക്ക് നേരത്തെ കോണ്ഗ്രസ് വൃത്തങ്ങളില് പറഞ്ഞു കേട്ടിരുന്നത്. എന്നാല് ഷാബിറിന് നിസാമാബാദ് അര്ബന് മണ്ഡലമാണ് മത്സരിക്കാനായി കോണ്ഗ്രസ് അനുവദിച്ചിരിക്കുന്നത്.