ഡൽഹിയും കടന്ന്! പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ വ്യാപിച്ച് വിഷപ്പുകമഞ്ഞ്; ഉപഗ്രഹ ചിത്രം

ഡൽഹിയിൽ മാത്രമല്ല, പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ വിഷപ്പുക മഞ്ഞ് വ്യാപിക്കുന്നുവെന്നാണ് നാസയുടെ വേൾഡ് വ്യൂ ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്

dot image

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണ തോത് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തുടരുമ്പോൾ വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് അധികൃതർ. മറ്റ് സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഡൽഹിയിലെ വായുഗുണനിലവാരം മോശമാകാൻ പ്രധാനകാരണങ്ങളാണ്.

ഡൽഹിയിൽ മാത്രമല്ല, പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ വിഷപ്പുക മഞ്ഞ് വ്യാപിക്കുന്നുവെന്നാണ് നാസയുടെ വേൾഡ് വ്യൂ ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് പുകമഞ്ഞ് കൂടാൻ കാരണമായതായി സാറ്റലൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നു. ഒക്ടോബർ 29 മുതൽ കാർഷിക തീപിടിത്തങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. 1,068 കാർഷിക തീപിടുത്തങ്ങളോടെ 740 ശതമാനത്തിന്റെ വർധനയാണ് ഒക്ടോബർ 29 ഓടെ ഉണ്ടായിരിക്കുന്നത്. നിലവിലെ വിളവെടുപ്പ് സീസണിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ ആറ് ദിവസമായി ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ന്യൂഡൽഹി ഒന്നാം സ്ഥാനത്താണ്. മലിനീകരണം കുറയ്ക്കുന്നതിനായുള്ള തുടര് നടപടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഡീസല് ട്രക്കുകളും നിര്മാണപ്രവര്ത്തനങ്ങളും നിരോധിച്ചിരിക്കുകയാണ്. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളോട് കൃഷിയിടങ്ങളിലെ തീപിടിത്തം എങ്ങനെ തടയാമെന്ന് കേന്ദ്രസർക്കാരുമായി അടിയന്തരമായി ചർച്ച ചെയ്യാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമായി മാറ്റാൻ അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പുകമഞ്ഞ് ശ്വസിച്ച് ഡൽഹി; വായു ഗുണനിലവാര സൂചിക 410 രേഖപ്പെടുത്തി

ഡൽഹിയിൽ സിഎൻജി, ഇലക്ട്രിക്, ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകാവൂ എന്ന് ആവശ്യപ്പെട്ട് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചിട്ടുണ്ട്. ദീപാവലി കണക്കിലെടുത്ത് കൂടിയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തും, മലിനീകരണ തോത് കുറയ്ക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും, പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും ഗോപാൽ റായ് നിർദേശിച്ചു. വായു മലിനീകരണം ശക്തമായതോടെ 50 ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. അടുത്ത വെളളിയാഴ്ച വരെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മുതൽ 12 വരെയുളള ക്ലാസുകൾക്ക് ഓൺലൈനിലേക്ക് മാറാമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ഞായറാഴ്ച ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us