ഡൽഹി: ഖത്തറിൽ മലയാളി ഉൾപ്പെടെ എട്ട് നാവികർക്ക് വധശിക്ഷ വിധിച്ചതിൽ അപ്പീൽ നൽകി ഇന്ത്യ. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചത്. സംഭവത്തിൽ അപ്പീൽ നൽകിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിധിപ്പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നിയമനടപടി. 2022 ഓഗസ്റ്റ് 30നാണ് ഖത്തറിലെ ദഹാര ഗ്ലോബലില് ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും വിദേശകാര്യമാന്ത്രി കുടുംബാംഗങ്ങളെ കണ്ടുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നാവികർ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് വേണ്ടിയും ഇസ്രയേൽ ചാര സംഘടനയ്ക്ക് വേണ്ടിയും പ്രവർത്തിച്ചുവെന്നാണ് ഖത്തർ ഉയർത്തുന്ന ആരോപണം. ക്യാപ്റ്റന് ബീരേന്ദ്ര കുമാര് വര്മ, ക്യാപ്റ്റന് നവതേജ് സിങ് ഗില്, ക്യാപ്റ്റന് സൗരഭ് വസിഷ്ത്, കമാന്ഡര് പൂര്ണേന്ദു തിവാരി, കമാന്ഡര് അമിത് നാഗ്പാല്, കമാന്ഡര് സുഗുണാകര് പകല, കമാന്ഡര് സഞ്ജീവ് ഗുപ്ത, നാവികന് രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എട്ടുപേരും ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സിയായ റോയ്ക്കുവേണ്ടിയും ഇസ്രയേലിനുവേണ്ടിയും ചാരവൃത്തിയില് ഏര്പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഇറ്റലിയിൽ നിന്ന് അന്തർവാഹിനി വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കം ചോർത്തി നൽകിയെന്നതാണ് ഇവർക്കെതിരെ ഖത്തറിൽ ചുമത്തിയിരിക്കുന്ന കുറ്റമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അതേസമയം ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് നാവികരുടെ കുടുംബാംഗങ്ങൾക്ക് കൈമാറാത്തതിനെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി വിമർശിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ ഖത്തറിന്റെ വിധി എന്തുകൊണ്ടാണ് രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് മനീഷ് തിവാരി ഉയർത്തുന്ന ചോദ്യം.