ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി ആർഎസ്എസ് നിക്കർ ധരിക്കാൻ തുടങ്ങിയെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ.
'ബിജെപിയുമായി ചേർന്ന് ആർഎസ്എസ് നിക്കർ ധരിക്കാൻ തുടങ്ങിയതിനാൽ അദ്ദേഹത്തിന് കോൺഗ്രസിനെ കുറ്റപ്പെടുത്തണം. കർണാടകയിൽ ഞങ്ങളെ പരാജയപ്പെടുത്താൻ അവർക്ക് (ജെഡിഎസിന്) കഴിഞ്ഞില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന അവരുടെ പ്രസ്താവനകൾ ബിആർഎസിനെയും ബിജെപിയെയും തെലങ്കാനയിൽ വിജയിപ്പിക്കാൻ സഹായിക്കില്ല', ഞായറാഴ്ച ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു.
കുമാരസ്വാമി ഒന്നിനെയും കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും സംസ്ഥാനം ഭരിക്കാൻ കോൺഗ്രസ് പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും പ്രഖ്യാപിക്കുന്നതിന് മുമ്പ് കോൺഗ്രസ് അതേക്കുറിച്ച് കൃത്യമായി പഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ വഞ്ചിതരാകരുതെന്ന് എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതിനാണ് നസീർ ഹുസൈൻ മറുപടി നൽകിയത്. വോട്ടിന് വേണ്ടി ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും നസീർ ഹുസൈൻ ആരോപിച്ചു.