കൊൽക്കത്ത: സിപിഐഎം എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ ശിവനെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. തൻറെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് ബികാഷ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് വിവാദത്തിനിടയാക്കിയത്. 'മഹാദേവൻ (പരമശിവൻ) മദ്യത്തിന്റെയും കഞ്ചാവിന്റെയും ഗുരുവാണെന്നും മദ്യപാനികളുടെ കുടുംബങ്ങളെ പരിപാലിക്കുമെന്നും വിശ്വസിച്ച് നശിച്ച കുടുംബങ്ങളുടെ കണക്ക് ആരാണ് സൂക്ഷിക്കുന്നത്', അദ്ദേഹം ചോദിച്ചു. തന്റെ കുട്ടിക്കാലത്ത് മദ്യപിച്ച് ഒരു പോസ്റ്റ്മാൻ ശിവക്ഷേത്രത്തിൽ പ്രവേശിച്ചതും കുടുംബത്തെ പരിപാലിക്കാൻ മഹാദേവനോട് അപേക്ഷിക്കുന്നതും താൻ കണ്ടിട്ടുണ്ടെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു.
'മഹാകാളി പാഠശാലയ്ക്ക് സമീപമുള്ള ഇടുങ്ങിയ പാതയാണ് കാളിഘട്ടിലെ നകുലേശ്വർ ലെയ്ൻ. മാഹിം ഹാൽദർ സ്ട്രീറ്റിൽ നിന്ന് നകുലേശ്വർ ലെയ്നിൽ പ്രവേശിച്ചാൽ നാലോ അഞ്ചോ വീടുകൾ കഴിയുമ്പോൾ ഒരു ചെറിയ ശിവക്ഷേത്രം കാണാം. കുട്ടിക്കാലത്ത് ഞങ്ങളിൽ ചിലർ ചിലപ്പോൾ അവിടെയുള്ള സിമന്റ് ബഞ്ചിൽ ഇരിക്കാറുണ്ട്. ഒരു ദിവസം വൈകുന്നേരം മദ്യപിച്ചെത്തിയ ആ പ്രദേശത്തെ പോസ്റ്റുമാൻ ക്ഷേത്രത്തിലേക്ക് കയറി പ്രാർത്ഥിക്കുന്നത് കണ്ടു.'ഗുരു, അങ്ങ് മദ്യത്തിന്റെയും കഞ്ചാവിന്റെയും ഗുരുവായതിനാൽ, മദ്യപിക്കുന്നവരുടെ കുടുംബങ്ങളെ അങ്ങ് നോക്കണം' എന്നായിരുന്നു പ്രാര്ത്ഥന. അദ്ദേഹത്തിന്റെ പ്രാർത്ഥന ഞാൻ ആസ്വദിച്ചു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഗുരു മഹാദേവനാണെന്ന് പാവം പോസ്റ്റ്മാൻ വിശ്വസിക്കുന്നു, അതിനാൽ മദ്യപരുടെ കുടുംബത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം മഹാദേവ് ഏറ്റെടുക്കണം," ബികാഷ് പറഞ്ഞു.
ഇതോടെ ബികാഷ് രഞ്ജനെതിരെ നിരവധിപ്പേർ രംഗത്തെത്തി. ഈ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദു വിരുദ്ധമാണെന്നും എപ്പോഴും ഹിന്ദു സനാതനത്തിന് എതിരാണെന്നും ചക്രപാണി പറഞ്ഞു. 'ലോകത്തെ മുഴുവനും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുകയും വിഷം കുടിക്കുകയും ചെയ്തയാളാണ് ശിവൻ. മദ്യം കഴിക്കില്ല. ഭട്ടാചാര്യ വന്ന് സനാതനത്തെയും ശിവനെയും കുറിച്ച് പഠിക്കണം. ചെറിയ അറിവ് വളരെ അപകടകരമാണ്. ഇത് അപലപനീയമാണ്, അദ്ദേഹം ഉടൻ മാപ്പ് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', ചക്രപാണി മഹാരാജ് പ്രതികരിച്ചു.