ബെംഗളൂരു: ഹിജാബ് നിരോധന വിഷയത്തില് മലക്കം മറിഞ്ഞ് കര്ണാടക സര്ക്കാര്. സര്ക്കാര് നടത്തുന്ന മത്സര പരീക്ഷകളില് ഹിജാബ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് കര്ണാടക എക്സാമിനേഷന് അതോറിറ്റി പുറത്തിറക്കി. മുന് ബിജെപി സര്ക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം മത്സരപരീക്ഷകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെ സര്ക്കാര് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്ക്കാരിന്റെ നിലപാട് മാറ്റം.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില് കോണ്ഗ്രസ് ജനങ്ങള്ക്ക് മുന്നില് വച്ച പ്രധാന വാഗ്ദാനങ്ങളില് ഒന്നായിരുന്നു ബിജെപി സര്ക്കാര് ഏര്പ്പെടുത്തിയ ഹിജാബ് നിരോധനം പിന്വലിക്കും എന്നത്. അതനുസരിച്ച് കോണ്ഗ്രസിന്റെ നേതൃത്വത്തിലുളള സര്ക്കാര് അധികാരത്തില് എത്തിയതിന് പിന്നാലെ സര്ക്കാര് നടത്തുന്ന മത്സര പരീക്ഷകളില് ഹിജാബ് ധരിക്കുന്നതിന് അനുമതി നല്കികൊണ്ടുളള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല് ഹിജാബിന് വീണ്ടും നിരോധനം ഏര്പ്പെടുത്തിയിരിക്കുകയാണ് കര്ണാടക സര്ക്കാര്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കര്ണാടക എക്സാമിനേഷന് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മത്സര പരീക്ഷകളില് യാതൊരു തരത്തിലുളള ശിരോ വസ്ത്രവും അനുവദിക്കില്ലെന്നാണ് ഉത്തരവില് പറയുന്നത്. സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലേക്കും ബോര്ഡുകളിലേക്കുമുളള നിയമനങ്ങളില് എക്സാമിനേഷന് അതോറിറ്റിയാണ് പരീക്ഷ നടത്തുന്നത്.
അതേസമയം ഹിജാബ് നിരോധനം താല്ക്കാലികമാണെന്നാണ് അധികൃതര് വിശദീകരിക്കുന്നത്. മുന് സര്ക്കാര് നിയമ സഭയില് പാസാക്കിയ ഹിജാബ് നിരോധന നിയമം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. നിയമസഭയില് പുതിയ ബില്ല് അവതരിപ്പിച്ച് പാസാക്കിയാല് മാത്രമെ പഴയ നിയമം അസാധുവാവുകയുളളു. ഇത് നിയമക്കുരുക്കിന് കാരണമാകുമെന്ന് ആശങ്ക സര്ക്കാരിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് എക്സാമിനേഷന് അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന. മത്സരപരീക്ഷകളിൽ ഹിജാബ് നിരോധനം പിന്വലിച്ച സര്ക്കാര് തീരുമാനത്തിനെതിരെ തീവ്ര വലതുപക്ഷ സംഘടനകള് പ്രതിഷേധവുമായി എത്തിയിരുന്നു. ഇതും സര്ക്കാരിനെ സ്വാധീനിച്ചതായാണ് വിവരം.