നെഹ്റു മാലയിട്ടതിനാല് ഊരുവിലക്ക് നേരിടേണ്ടി വന്ന ബുധിനി അന്തരിച്ചു

വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്നാണ് അന്ത്യം

dot image

റാഞ്ചി: നെഹ്റു മാലയിട്ടതിന്റെ പേരില് സാന്താൾ ഗോത്രത്തില് നിന്ന് ഊര് വിലക്ക് നേരിടേണ്ടി വന്ന ബുധിനി അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്നാണ് അന്ത്യം. 1959 ഡിസംബര് ആറിന് ഝാര്ണ്ഡില് ദാമോദര് നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്രുവിനെ സ്വീകരിച്ചത് ബുധിനിയായിരുന്നു. ദാമോദര്വാലി കോര്പ്പറേഷന്റെ നിര്ദ്ദേശപ്രകാരമാണ് ബുധിനി നെഹ്റുവിനെ സ്വീകരിക്കുകയും നെറ്റിയില് തിലകമണിയിക്കുകയും ചെയ്തത്. ഡാമിന്റെ നിര്മ്മാണത്തിന് വേണ്ടി കല്ലും മണ്ണും ചുമന്നവരില് ഒരാള് എന്ന നിലയില് ബുധിനിയെ നെഹ്റു വേദിയിലേയ്ക്ക് ക്ഷണിക്കുകയും ഹാരം അണിയിക്കുകയും അവരെ കൊണ്ട് ഡാം ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബുധിനി ഡാം രാഷ്ട്രത്തിനു സമര്പ്പിച്ച വാര്ത്തയും ചിത്രം വാര്ത്തയായി. എന്നാൽ ഈ സംഭവത്തോടെ ബുധിനിയുടെ ജീവിതം മാറിമറിഞ്ഞു. സാന്താള് ഗോത്രവിഭാഗത്തിന്റെ ആചാരമനുസരിച്ച് പുരുഷന് ഹാരമണിയിച്ചാല് അത് മാംഗല്യഹാരമാണ്. ഗോത്രത്തിന് പുറത്തുള്ള ഒരാൾ മാല അണിയിച്ചത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി സാന്താള് ഗോത്രം ബുധിനിയെ ഊരുവിലക്കുകയായിരുന്നു.

ബുധിനിയുടെ ജീവിതകഥ പശ്ചാത്തലമാക്കി സാറാ ജോസഫ് ബുധിനി എന്ന പേരിൽ തന്നെ മലയാളത്തിൽ നോവൽ എഴുതിയിട്ടുണ്ട്. നോവൽ രചനയുടെ ഭാഗമായി സാറാ ജോസഫ് ബുധിനിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. പത്രവാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും യഥാർത്ഥ ബുധിനിയുടെ ജീവിതകഥയോ ചരിത്ര നോവലോ അല്ല ഈ കൃതി എന്നും ചരിത്രവും ഫിക്ഷനും തമ്മിലും, വാർത്തയും ഫിക്ഷനും തമ്മിലും ഉള്ള സംയോജനമാണെന്നുമാണ് ബുധിനി എന്ന നോവലിനെ കുറിച്ച് സാറാ ജോസഫ് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us