ഡെറാഡൂൺ: ഉത്തരാഖണ്ഡില് തുരങ്കത്തില് കുടുങ്ങിയ തൊഴിലാളികള്ക്കായുള്ള രക്ഷാ പ്രവര്ത്തനം അന്തിമ ഘട്ടത്തില്. ഇന്ന് അര്ദ്ധരാത്രിയോടെ തൊഴിലാളികളെ പുറത്ത് എത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിനകത്തേക്ക് പൈപ്പ് കടത്തിവിട്ട് തൊഴിലാളികളെ രക്ഷപെടുത്താനാണ് ശ്രമം. 12 മീറ്റര് കൂടി തുരന്നാല് പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും. തുരങ്കത്തില് കഴിയുന്ന നാല്പ്പത്തി ഒന്ന് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാ പ്രവര്ത്തകര് അറിയിച്ചു.
തുരങ്കത്തിന്റെ തകര്ന്ന ഭാഗത്ത് കൂടി തൊഴിലാളികളുടെ അടുത്തേത്ത് പൈപ്പ് എത്തിച്ച് അതിലൂടെ അവരെ പുറത്ത് എത്തിക്കുന്നതിനുളള ശ്രമമാണ് ഇപ്പോള് നടക്കുന്നത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന് തന്നെ എയര് ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റും.അടിയന്തര ചികില്സ നല്കുന്നതിനായി തുരങ്കത്തിന് സമീപം താല്ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്മാരുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേ സമയം ശക്തമായ പാറകളില് തട്ടി രക്ഷാ പ്രവര്ത്തനം തടസപ്പെടുമോ എന്ന ആശങ്ക രക്ഷാപ്രവര്ത്തര്ക്കുണ്ട്. ട്രില്ലിംഗിനെ തുടര്ന്നുള്ള പ്രകമ്പനം മൂലം മണ്ണിടിച്ചില് ഭീഷണിയും നിലനില്ക്കുന്നു. രക്ഷാ പ്രവര്ത്തനം ഇപ്പോള് നിര്ണായക ഘട്ടത്തിലാണെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ക്യാമറയിലൂടെ തൊഴിലാളികളുടെ ചലനങ്ങള് നിരീക്ഷിക്കുകയും വാക്കിടോക്കി വഴി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ചെറുകുഴലുകളിലൂടെ ഭക്ഷണവും എത്തിക്കുന്നുണ്ട്. എന്ഡോസ്കോപ്പി ക്യാമറയിലൂടെ പകര്ത്തിയ തൊഴിലാളികളുടെ ദൃശ്യങ്ങള് ഇന്നലെ പുറത്ത് വന്നിരുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്ക്കും പോലീസിനും പുറമെ വിവിധ രാജ്യങ്ങളില് നിന്നുള്ള വിദഗ്ധരുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്ത്തനം പുരോഗമിക്കുന്നത്.
സില്കാരയിലെ ദേശീയപാതയില് നിര്മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികള് കുടുങ്ങിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തെ രക്ഷാപ്രവര്ത്തനം സംബന്ധിച്ച വിവരങ്ങള് കൈമാറണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദെഹ്റുദാന് ആസ്ഥാനമായ ഒരു എന്ജിഒ നല്കിയ പൊതുതാല്പ്പര്യ ഹര്ജിയിലാണ് ഹൈക്കോടതി റിപ്പോര്ട്ട് ആരാഞ്ഞത്. തുരങ്കത്തിനകത്തേക്ക് 53 മീറ്ററുള്ള പൈപ്പ് കടത്തിവിട്ടത് രക്ഷാപ്രവര്ത്തനത്തിൽ ഏറെ നിര്ണ്ണായകവും പ്രതീക്ഷാവഹവുമാണെന്ന് എന്എച്ച്ഐഡിസിഎല് ഡയറക്ടര് അന്ഷു മനീഷ് ഖല്ക്കോ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒന്പത് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൈപ്പ് കടത്തിവിട്ടത്. ഇതുവഴിയാണ് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും തൊഴിലാളികള്ക്ക് എത്തിക്കുന്നത്. ഇതിന് പുറമേ മെച്ചപ്പെട്ട വായു സഞ്ചാരവും ലഭിക്കും.
'ഞങ്ങള്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അനുദിനം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് തൊഴിലാളികള് പ്രതികരിച്ചു. 'രക്ഷാപ്രവര്ത്തനം എവിടം വരെയായി. എത്രയും വേഗം ഞങ്ങളെ പുറത്തെത്തിക്കൂ. ഓരോ ദിവസം അവസാനിക്കുമ്പോഴും കാര്യങ്ങള് കഠിനമാവുകയാണ്' എന്ന തുരങ്കത്തിൽ കുടങ്ങിയ ഒരു തൊഴിലാളിയുടെ പ്രതികരണം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബര് 12 ഞായറാഴ്ച്ച പുലര്ച്ചെ ആണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.