ഡീപ്ഫേക്കുകൾ ജനാധിപത്യത്തിന് ഭീഷണി; കർശന നടപടിയെടുക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

dot image

ദില്ലി: ഡീപ്ഫേക്കുകൾ സമൂഹത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികളുടെയും, സാങ്കേതികരംഗത്തെ വിദ്ഗധരുടെയും യോഗം വിളിച്ചാണ് അശ്വിനി വൈഷ്ണവ് മുന്നറിയിപ്പ് നൽകിയത്. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

ഇതിനായി നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഡീപ്ഫേക്ക് എങ്ങനെ കണ്ടെത്താം, ഡീപ്ഫേക്കുകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയും, അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. പത്തു ദിവസത്തിനുള്ളിൽ സർക്കാർ നടപടികൾ പ്രഖ്യാപിക്കും. വീഡിയോ നിർമ്മിക്കുന്നവർക്കും പ്രചരിക്കുന്ന പ്ലാറ്റ്ഫോമുകൾക്കുമെതിരെയും പിഴ ചുമത്തും.

നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചകൾക്ക് ഡിസംബർ ആദ്യ വാരം വീണ്ടും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന വെർച്വൽ ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡീപ്ഫേക്കുകൾ ഉൾപ്പെടെ എഐയുടെ ദൂഷ്യഫലങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ നീക്കം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us