ഡെറാഡൂൺ: ഉത്തരാഖണ്ഡില് തുരങ്കത്തില് കുടുങ്ങിയ തൊഴിലാളികള്ക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. പന്ത്രണ്ട് ദിവസമായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം രക്ഷാപ്രവർത്തനം ചെറിയതോതിൽ തടസപ്പെട്ടിരുന്നു. ഈ ലോഹഭാഗം മുറിച്ചുനീക്കാൻ കഴിഞ്ഞതായി രക്ഷാപ്രവർത്തന സംഘം അറിയിച്ചു.
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന് തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി 30 ആംബുലന്സുകള് തയാറാണ്. ഉത്തരകാശിയിലെ ചിന്യാസൗറിലെ സര്ക്കാര് ആശുപത്രിയില് ഓക്സിജന് സൗകര്യത്തോടെ 41 കിടക്കകള് തയാറാക്കിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് ഉള്ളവരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റും. അടിയന്തര ചികില്സ നല്കുന്നതിനായി തുരങ്കത്തിന് സമീപം താല്ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്മാരുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
പ്രതീക്ഷയോടെ രാജ്യം; തുരങ്കത്തില് കുടുങ്ങിയവർക്കായി രക്ഷാപ്രവര്ത്തനം അന്തിമ ഘട്ടത്തില്ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്ലൻഡ്, നോര്വെ എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്ത്തനത്തിനുള്ളത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്.