ചെന്നൈ: നടൻ തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ പൊലീസിന് മുന്നിൽ ഖേദപ്രകടനം നടത്തി നടൻ മൻസൂർ അലി ഖാൻ. തൗസന്റ് ലൈറ്റ്സ് വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകവേയാണ് മൻസൂർ അലി ഖാൻ ഖേദം പ്രകടിപ്പിച്ചത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും നടൻ പറഞ്ഞു.
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മൻസൂർ അലി ഖാൻ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നെങ്കിലും മാപ്പ് പറയാൻ തയ്യാറല്ലെന്നായിരുന്നു നടൻ അന്ന് പറഞ്ഞത്.