ഡെറാഡൂൺ: ഉത്തരാഖണ്ഡില് തുരങ്കത്തില് കുടുങ്ങിയവര്ക്കായുളള രക്ഷാ പ്രവര്ത്തനം അവസാന ഘട്ടത്തില്. ഇന്ന് രാത്രിയോടെ 41 തൊഴിലാളികളെയും പുറത്തെത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ. നിർത്തിവെച്ചിരുന്ന ഡ്രില്ലിങ്ങ് ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. അഞ്ച് മീറ്ററോളം ദൂരമാണ് ഇനി പൈപ്പ് സ്ഥാപിക്കാനുള്ളത്. പതിമൂന്ന് ദിവസമായി തുരങ്കത്തിനുള്ളില് കഴിയുന്ന തൊഴിലാളികള് സുരക്ഷിതരാണെന്ന് രക്ഷാ പ്രവര്ത്തകര് വ്യക്തമാക്കി.
ഡ്രില്ലിംഗ് മെഷീന് സ്ഥാപിച്ചിരുന്ന കോണ്ക്രീറ്റ് പ്രതലം തകര്ന്നതിനെ തുടര്ന്ന് നിര്ത്തി വച്ചിരുന്ന രക്ഷാ പ്രവര്ത്തനം പുനരാരംഭിച്ചതോടെയാണ് വീണ്ടും രക്ഷാപ്രവർത്തകർ ശുഭ പ്രതീക്ഷ വീണ്ടെടുത്തത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സുരക്ഷാ കുഴല് തൊഴിലാളികളുടെ സമീപത്തെത്താൻ ഇനി അവശേഷിക്കുന്നത് മീറ്ററുകൾ മാത്രമാണ്. ഡ്രില്ലിംഗ് ചെയ്യാന് അവശേഷിക്കുന്ന ഭാഗങ്ങളില് ലോഹഭാഗങ്ങളോ പാറകളോ ഇല്ലെന്ന് റഡാര് പരിശോധനയില് വ്യക്തമായിട്ടുണ്ട്.
എന്നാല് മണ്ണിടിച്ചില് ഭീഷണി നിലനില്ക്കുന്നതിനാല് കരുതലോടെയാണ് ഡ്രില്ലിംഗ് പുരോഗമിക്കുന്നത്. സുരക്ഷാ കുഴൽ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ സുരക്ഷാ കുഴലിലൂടെ സ്ട്രെച്ചറില് ഓരോരുത്തരെയായി പുറത്തെത്തിക്കും. ഇതിൻ്റെ ട്രയലും ദുരന്ത നിവാരണ സേനാംഗങ്ങൾ ഇതിനകം പൂര്ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്സുകളും ക്രമീകരിച്ചിട്ടുണ്ട്. എയര് ലിഫ്റ്റിംഗ് ആവശ്യമായി വന്നാൽ അതിനായി ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം വാക്കിടോക്കി വഴി ആശയ വിനിമയം നടത്തുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്, പൊലീസ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്ത്തനം.
ഉത്തരാഖണ്ഡില ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം നവംബർ 12ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നതും 41 തൊഴിലാളികൾ അപകടത്തിൽപ്പെട്ടതും. യമുനോത്രി ഥാവിൽ നിന്ന് ഉത്തരകാശിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തുരങ്കത്തിലായിരുന്നു അപകടം ഉണ്ടായത്.