രാജസ്ഥാനിൽ 70.35% പോളിങ്; വിജയപ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസും ബിജെപിയും

സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളിൽ 199 ഇടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. സിറ്റിംഗ് എംഎല്എ കൂടിയായ ഗുര്മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്ന്ന് കരൺപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.

dot image

ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളിൽ 199 ഇടങ്ങളിലായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രാഥമിക കണക്കനുസരിച്ച് 70.35% പോളിങ് രേഖപ്പെടുത്തി. കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാഗിദോരയിൽ 78.21 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ തലസ്ഥാന നഗരമായ ജയ്പൂരിൽ 69.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജയ്സാൽമീറിൽ 76.57 ശതമാനവും, ഗംഗാനഗറിൽ 72.09 ശതമാനവും പോളിങ് രേഖപ്പെടുത്തി. വൈകിട്ട് 5 മണി വരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 81.12 ശതമാനം പോളിങ് രേഖപ്പെടുത്തിയ പൊഖറാൻ മണ്ഡലത്തിലാണ്.

രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയായിരുന്നു തിരഞ്ഞെടുപ്പ്. ആറ് മണിവരെ പോളിങ്ങ് ബൂത്തിൽ എത്തിയവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകിയിരുന്നു. ചിലയിടങ്ങളിൽ നേരിയ തോതിൽ അക്രമ സംഭവങ്ങള് റിപ്പോർട്ടു ചെയ്തു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർപുര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. സർദാർപുരയിലെ കുടുംബവീട്ടിലെത്തിയതിന് ശേഷമായിരുന്നു ഗെഹ്ലോട്ട് കുടുംബസമേതം വോട്ടു ചെയ്യാനെത്തിയത്. മുൻമുഖ്യമന്ത്രി വസുന്ധ രാജ സിന്ധ്യ ജൽവാർ മണ്ഡലത്തിലും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ജയ്പൂർ മണ്ഡലത്തിലും വോട്ടുരേഖപ്പെടുത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള കോട്ടയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജോധ്വാര മണ്ഡലത്തിലെ സ്ഥാനാർത്ഥിയും എംപിയുമായ രാജ്യവർദ്ധൻ സിങ്ങ് റാത്തോഡ് ജയ്പൂർ മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇതിനിടെ പലവാല ജാതൻ ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ജനപ്രതിനിധികളോടുള്ള അസംതൃപ്തിയാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള കാരണം. പലവാല ജാതനെ തുംഗയുമായി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ബഹിഷ്കരണം. രാവിലെ മുതൽ ഗ്രാമത്തിൽ നിന്ന് ആരും വോട്ടു ചെയ്യാൻ എത്തിയില്ല. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളും ഈ ഗ്രാമവാസികൾ ബഹിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിലും ഉദ്യോഗസ്ഥ അലംഭാവത്തിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള ജനപ്രതിനിധികളുടെ നിഷ്ക്രിയത്വത്തിലും രോഷാകുലരായാണ് പലവാല ജടൻ ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുന്നത്. ഇവർ വോട്ടു രേഖപ്പെടുത്തേണ്ടിയിരുന്ന 155-ാം നമ്പർ പോളിങ്ങ്ബൂത്ത് രാവിലെ മുതൽ പൂർണ്ണമായും വിജനമായിരുന്നു.

ശ്രീ ഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കോണൂർ അന്തരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. 199 നിയമസഭാ മണ്ഡലങ്ങളിലായി 5,25,38,105 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടിയിരുന്നത്. 183 വനിതകള് ഉള്പ്പെടെ 1875 സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസും ബിജെപിയും തമ്മിലാണ് നേരിട്ടുള്ള മത്സരം. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. തുടക്കത്തിൽ ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും അവസാനലാപ്പിൽ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമാണ്.

ശ്രീഗംഗാനഗറിലെ കരണ്പൂര് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി സിറ്റിംഗ് എംഎല്എ കൂടിയായ ഗുര്മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 200 സീറ്റുകളുള്ള രാജസ്ഥാനിൽ 199 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us