ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊതുജനാരോഗ്യ സാഹചര്യവും, ആശുപത്രി തയ്യാറെടുപ്പ് നടപടികളും ഉടനടി അവലോകനം ചെയ്യാൻ സ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി

dot image

ന്യൂഡൽഹി: ചൈനയിലെ എച്ച9എൻ2 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ മുൻകൂട്ടി അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുള്ളത്. പൊതുജനാരോഗ്യ സാഹചര്യവും, ആശുപത്രി തയ്യാറെടുപ്പ് നടപടികളും ഉടനടി അവലോകനം ചെയ്യാൻ സ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 'കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പുതുക്കിയ നിരീക്ഷണ തന്ത്രത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതികഠിനമായ ശ്വാസകോശ രോഗബാധയുടെ ലക്ഷണങ്ങൾ ജില്ലാ-സംസ്ഥാന നിരീക്ഷണ സംവിധാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, SARS-CoV-2 തുടങ്ങിയ സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. വടക്കൻ ചൈനയിൽ ശ്വാസകോശ രോഗം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കുട്ടികളിലെ ശ്വാസകോശ അണുബാധയിൽ ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധയുടെ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള 'നിഗൂഢ ന്യുമോണിയ' ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.

മനുഷ്യരിലും മൃഗങ്ങളിലും പകര്ച്ച വ്യാധികള് നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ് (ProMed) കുട്ടികളില് പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. മുതിര്ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്ട്ടുകളില്ലെന്നും പ്രോമെഡ് വ്യക്തമാക്കിയിരുന്നു. എന്നാല് ഇത് മറ്റൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള് പറയാനാവില്ലെന്നും ആരോഗ്യ വിദഗ്ധര് സൂചിപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image